തിരുവനന്തപുരം: മഴ കനക്കുമെന്നും ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റണമെന്നും മുൻകൂട്ടി നിർദ്ദേശം നൽകിയിട്ടും പാലിക്കാത്തതാണ് രാജമല പൊട്ടിമുടിയിൽ ദുരന്തത്തിനിടയാക്കിയത്. നിർദ്ദേശം നൽകിയ കാര്യം കഴിഞ്ഞ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
എന്നാൽ മുന്നൊരുക്കം നടത്തിയില്ല എന്നാണ് ദുരന്തം വ്യക്തമാക്കുന്നത്. തുടർച്ചയായി നാല് ദിവസം കനത്ത മഴ പെയ്യുമെന്നായിരുന്നു മുന്നറിയിപ്പ്. ദുരന്ത നിവാരണ അതോറിട്ടിയും ജില്ലാ ഭരണകൂടവുമാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടിയിരുന്നത്.
ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ഉരുൾ പൊട്ടൽ സാദ്ധ്യത കൂടുതലാണെന്നും പ്രത്യേക ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ടായിരുന്നു. അത് പാലിക്കുന്നതിൽ വലിയ വീഴ്ചയാണുണ്ടായത്. രാജമലയിൽ ഉരുൾപൊട്ടിയ ഭാഗത്ത് രാത്രി രക്ഷപ്പെടാൻ ഒരു മാർഗവുമില്ല. അത് മുന്നിൽ കണ്ട് അവിടെയുള്ളവരെ മാറ്റി പാർപ്പിച്ചില്ല.
മലവെള്ളപ്പാച്ചിലിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുമ്പോൾ തന്നെ സുരക്ഷിതമായി ജനങ്ങളെ മാറ്റണമെന്നും നിർദ്ദേശിച്ചിരുന്നു. ഇന്നലെ കനത്ത മഴയിൽ പല സ്ഥലത്തും വെള്ളം പൊങ്ങി. വീടുകൾ വെള്ളത്തിലായി. കൊവിഡ് പേടിയിൽ വീടുകളിൽ കഴിഞ്ഞവർക്ക് മഴ മറ്റൊരു പ്രഹരമായി.
#മന്ത്രി റിപ്പോർട്ട് തേടി
രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽ തമിഴ് വംശജരായ പട്ടികജാതി കുടുംബാംഗങ്ങൾ അടക്കം മരിച്ചതിൽ പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി എ.കെ. ബാലൻ റിപ്പോർട്ട് തേടി. കളക്ടറോട് മന്ത്രി വിവരങ്ങൾ ആരാഞ്ഞു. ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് വകുപ്പ് എല്ലാ സഹകരണവും നൽകുമെന്ന് മന്ത്രി അറിയിച്ചു. സ്ഥലത്തെത്തി നടപടികൾ സ്വീകരിക്കാൻ പട്ടികജാതി വികസന ഡയറക്ടർ, ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് നിർദ്ദേശം നൽകി.