kalar-mankulam-raod

തിരുവനന്തപുരം: ജില്ലയിൽ രണ്ടുദിവസമായി തുടരുന്ന മഴയ്ക്ക് നഗരപ്രദേശങ്ങളിൽ നേരിയ ശമനമുണ്ടായെങ്കിലും മലയോര മേഖലകളിൽ ശക്തിപ്രാപിച്ചു. അതേസമയം രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മഴയ്ക്ക് ശക്തിയേറിയതോടെ മലയോര മേഖലകളിൽ രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശംഖുംമുഖം തീരത്ത് കടലാക്രമണം രൂക്ഷമായതോടെ രണ്ടുകുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാ‌ർപ്പിച്ചു. നഗരത്തിൽ ഇന്നലെ അഞ്ചിടങ്ങളിൽ മരം വീണു നാശ നഷ്ടമുണ്ടായി. പാറ്റൂർ, മണ്ണന്തല,പേരൂർക്കട,കരമന പൂജപ്പുര എന്നിവിടങ്ങളിൽ റോഡിലും വെെദ്യുത ലെെനിലും മരം വീണതോടെ ഗതാഗതവും വെെദ്യുതി വിതരണം മണിക്കൂറുകളോളം തടസപ്പെട്ടു. തുടർന്ന് ഫയർഫോഴ്സെത്തി മരങ്ങൾ നീക്കം ചെയ്‌ത് ഗതാഗതം പുനഃസ്ഥാപിച്ചു. പേരൂ‌ർക്കട ഇ.എസ്.ഐ ആശുപത്രിക്ക് സമീപം നിന്നിരുന്ന കുറ്രൻ മരണമാണ് ഇന്നലെ റോഡിലേക്ക് കടപുഴകിയത്. ആളപായവും മറ്റ് അപകടങ്ങളുമുണ്ടായില്ലെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.പേരൂ‌ർക്കട സർക്കാർ സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. അരുവിക്കര,നെയ്യാർ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തിയതോടെ സമീപത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാഭരണകൂടം മുന്നറിയിപ്പ് നൽകി. വർക്കല,ചിറയിൻകീഴ്,നെടുമങ്ങാട് മേഖലകളിൽ കനത്ത മഴയെ തുടർന്ന് വ്യാപകമായ നാശനഷ്ടമുണ്ടായി. ചിലക്കൂർ, വളളക്കടവ്, റാത്തിക്കൽ,വെട്ടൂർ, അരിവാളം, ഇടവ, വെറ്റകട, കാപ്പിൽ, ശ്രീയേറ്റ് തിരുവമ്പാടി, പാപനാശം തുടങ്ങിയ തീരപ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷമായത് ആശങ്ക ഉയർത്തിയിട്ടുണ്ട്. ചിലക്കൂർ വളളക്കടവ് പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ കുടിലുകളിൽ വെളളം കയറി.


കൺട്രോൾ റൂം

മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. കൺട്രോൾ റൂമിൽ ബന്ധപ്പെടാൻ അതത് ജില്ലകളുടെ എസ്.ടി.‌‌ഡി കോഡ് ചേർത്ത് 1077 എന്ന നമ്പരിൽ വിളിക്കുക. അപകട സാദ്ധ്യത തോന്നിയാൽ കൺട്രോൾ റൂമുമായി ബന്ധപ്പെടുക.