തിരുവനന്തപുരം: നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ കുടിവെള്ള സ്രോതസായ അരുവിക്കര ജലസംഭരണിയെ സംരക്ഷിക്കാൻ ജനകീയ കൂട്ടായ്‌മയൊരുങ്ങുന്നു. വെള്ളായണിക്കായലിന്റെ പുനരുജ്ജീവനത്തിന് നേതൃത്വം നൽകിയ കൂട്ടായ്‌മയായ സ്വസ്‌തി ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് അരുവിക്കര റിസർവോയർ സംരക്ഷിക്കാൻ ജനങ്ങൾ ഒന്നിക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ' തെളിനീരരുവി ' എന്ന് പേരിട്ടിട്ടുള്ള കൂട്ടായ്‌മയുടെ ചെയർമാൻ. കെ.എസ്. ശബരീനാഥൻ എം.എൽ.എയാണ് ജനറൽ കൺവീനർ. വി. ശിവൻകുട്ടി (വർക്കിംഗ് ചെയർമാൻ), അടൂർ പ്രകാശ് എം.പി, മേയർ കെ. ശ്രീകുമാർ, എം. വിജയകുമാർ, വി.വി. രാജേഷ്, പാലോട് രവി (രക്ഷാധികാരികൾ), കെ.എസ്. സുനിൽ കുമാർ (വൈസ് ചെയർമാൻ), അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ഐ. മിനി (വൈസ് ചെയർപേഴ്‌സൺ) തുടങ്ങിയവർ നേതൃത്വം നൽകും. ജനകീയ ബോധവത്കരണം, ജൈവ വൈവിദ്ധ്യ പഠനം, സർക്കാർ സഹായത്തോടെ പായലും ചെളിയും മറ്റു മാലിന്യങ്ങളും നീക്കംചെയ്യൽ, തീരത്തിന്റെ സൗന്ദര്യവത്കരണം തുടങ്ങി നിരവധി പദ്ധതികൾ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. പകുതിയിലേറെ ഭാഗം ചെളിയും പ്ലാസ്റ്റിക്കും ഉൾപ്പെടെയുള്ള മാലിന്യങ്ങളും നിറഞ്ഞ് സംഭരണശേഷി മൂന്നിലൊന്നായി കുറഞ്ഞ നിലയിലാണ്. എക്കലും മാലിന്യങ്ങളും നീക്കം ചെയ്‌ത് അരുവിക്കര റിസർവോയറിന്റെ സംഭരണശേഷി വീണ്ടെടുക്കാനുള്ള നിരവധി പരിശ്രമങ്ങൾ ഉണ്ടായെങ്കിലും ഒന്നും ഫലം കണ്ടിരുന്നില്ല. അരുവിക്കര പഞ്ചായത്ത്, നഗരസഭ, എസ്.എൻ യുണൈറ്റഡ് മിഷൻ ഇന്റർനാഷണൽ, ഐ.എം.എ, വാരിയേഴ്‌സ് ഫോർ വാട്ടേഴ്‌സ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ' തെളിനീരരുവി' രൂപം കൊള്ളുന്നത്. കേരള സർവകലാശാല അക്വാട്ടിക് ബയോളജി വിഭാഗം തലവൻ ഡോ. ബിജുകുമാറിന്റെ നേതൃത്വത്തിൽ ജലസംഭരണിയിലെ ജൈവ വൈവിദ്ധ്യ പഠനവും നടത്തുന്നുണ്ട്. ആലപ്പുഴ എസ്.ഡി കോളേജിലെ ഡോ. നാഗേന്ദ്ര പ്രഭുവാണ് പദ്ധതിയുടെ മുഖ്യകൺസട്ടന്റ്. പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ ' എന്റെ ജലസംഭരണിയെ ഞാൻ സംരക്ഷിക്കും ' എന്ന പേരിൽ ഒരു സോഷ്യൽ മീഡിയ ചലഞ്ചിനും സംഘാടകർ ആഹ്വാനം ചെയ്‌തിട്ടുണ്ട്.