തിരുവനന്തപുരം: ഇടുക്കി രാജമല പെട്ടിമുടി ദുരന്തത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടുക്കവും ദു:ഖവും രേഖപ്പെടുത്തി. അപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ മനുഷ്യസാദ്ധ്യമായതെല്ലാം അടിയന്തരമായി ചെയ്യണമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ചെന്നിത്തല ആവശ്യപ്പെട്ടു. കൂടുതൽ മെഡിക്കൽ സംഘങ്ങളെ സ്ഥലത്തെത്തിക്കണം. എല്ലാവരും ഒത്തൊരുമിച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
ഈ ദുരന്തം സംസ്ഥാനത്തിന് വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. കൊവിഡ് വ്യാപനത്തിൽ സംസ്ഥാനം വിറങ്ങലിച്ച് നിൽക്കവെയാണ് പ്രകൃതി ദുരന്തവും. എഴുപത്തി എട്ടോളം പേർ താമസിച്ചിരുന്ന പാടികളുടെ മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. കുറച്ച് പേരെ മാത്രമേ രക്ഷിക്കാനായിട്ടുള്ളൂ. അങ്ങോട്ടുള്ള വഴികളെല്ലാം തകർന്നു കിടക്കുകയാണ്. കാലാവസ്ഥയും മോശമാണ്. ഹെലികോപ്റ്ററുകളും മറ്റും ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനവും പ്രതികൂല കാലാവസ്ഥ കാരണം ഫലപ്രദമായിട്ടില്ല.
ഇടുക്കിയിൽ കനത്ത മഴ തുടരുന്നതിനാൽ ഇനിയും ഇതു പോലെ അപകടാവസ്ഥയിലുള്ളവരെ മാറ്റി പാർപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. മറ്റ് ലയങ്ങളിൽ ഭക്ഷണ സാധനങ്ങൾ കിട്ടാത്ത അവസ്ഥയുണ്ട്. അവിടെ ഭക്ഷണക്കിറ്റുകൾ എത്തിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.