ഇരവിപുരം: കേസിൽ സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യത്തിൽ ലോട്ടറിക്കടയിൽ കയറി കടയുടമയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. കൊച്ചു ഡീസന്റ്മുക്ക് പുന്തലത്താഴംനഗർ 138 മെരിലാൻഡിൽ മുബാറക്കിനെയാണ് (34) ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് 6 മണിയോടെ കൊച്ചു ഡീസന്റ്മുക്കിലാണ് സംഭവം നടന്നത്. ഇവിടെ ലോട്ടറിക്കട നടത്തുന്ന വെറ്റിലത്താഴം ദിവ്യാ കാഷ്യു ഫാക്ടറിക്ക് സമീപം രതീഷ് ഭവനിൽ രതീഷിനെയാണ് (34) ഇവർ സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കടയ്ക്കുള്ളിൽ കയറി ആക്രമിച്ചത്.
ഈ കേസിൽ തൃക്കോവിൽവട്ടം ചെന്താപ്പൂര് ഡീസന്റ്മുക്ക് ആമക്കോട് പുത്തൻവീട്ടിൽ അൻഷാദ് എന്ന നിഷാദ് (28 ), പുതുച്ചിറ അജിതാ ഭവനിൽ സജൻ (36) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽപ്പോയ ഇയാളെക്കുറിച്ച് ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ വിനോദിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐമാരായ അനീഷ്, ദീപു, സി.പി.ഒമാരായ സാബിത്ത്, മനോജ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. നേരത്തേയുള്ള ഒരു വധശ്രമക്കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.