വർക്കല: മഹാമാരിക്കും പെരുമഴയ്ക്കും പുറമെ ഒറ്റൂർ ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിൽ കുടിവെള്ളവും കിട്ടാതായതോടെ ജനജീവിതം ദുരിതകയത്തിലായി. ഒരാഴ്ചയായി ഈ പ്രദേശത്ത് കുടിവെള്ളം കിട്ടാതായിട്ട്. വാട്ടർ അതോറിട്ടി അധികൃതരെ അറിയിച്ചെങ്കിലും ഇപ്പൊ ശരിയാക്കിത്തരാം എന്ന മറുപടി മാത്രമാണുള്ളത്. കരാറുകാർ സമരത്തിലായത് മൂലമാണ് വാട്ടർ അതോറിട്ടിയിൽ അറ്റകുറ്റപ്പണികൾ നടക്കാത്തതെന്നും ഇതുവരെ നടത്തിയ പണികളുടെ പണം കിട്ടാത്തതിനാൽ സമരത്തിലാണെന്നാണ് കരാറുകാർ പറയുന്നത്.
ഈ പ്രദേശത്ത് കിണറില്ലാത്ത വീടുകളാണധികവും. ഒരാഴ്ചയായി ദൂരസ്ഥലങ്ങളിൽ നിന്ന് വെള്ളം കൊണ്ടുവന്നാണ് ദൈനംദിന കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതെന്നും പ്രദേശവാസികൾ പറയുന്നു. ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.