തിരുവനന്തപുരം: താൻ ആഗ്രഹിച്ച വിധമുള്ള അവയവദാനം സഫലമാക്കാനായില്ലെങ്കിലും ഹൃദയവാൽവിലൂടെ മറ്റൊരാൾക്ക് ജീവിതം തിരിച്ചു നൽകിയാണ് ശ്രീകാന്ത് വിട പറഞ്ഞത്. കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച സുപ്രഭാതം പത്രത്തിന്റെ ഫോട്ടോഗ്രാഫറും ശ്രീകണ്‌ഠേശ്വരം ഭജനമത്തിൽ ശ്രീകുമാരൻ നായർ-രത്നമ്മ ദമ്പതികളുടെ മകനുമായ എസ് ശ്രീകാന്തിന് (32) അവയവദാനത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. അവയവദാന ബോധവത്കരണ പരിപാടിയിൽ പങ്കെടുത്തിട്ടുള്ള ശ്രീകാന്ത് അവയവദാനത്തെക്കുറിച്ചുള്ള ആഗ്രഹം വീട്ടുകാരോട് പങ്കുവച്ചിട്ടുമുണ്ട്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആറു ദിവസം അബോധവസ്ഥയിലായിരുന്ന ശ്രീകാന്ത് വ്യാഴാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. മസ്‌തിഷ്‌ക മരണമല്ലാത്തതിനാൽ ബന്ധുക്കളുടെ അനുമതി ഉണ്ടായിട്ടും അവയവദാനമെന്ന ശ്രീകാന്തിന്റെ ആഗ്രഹം പൂർണമായി സാധിച്ചു നൽകാൻ മൃതസഞ്ജീവനി അധികൃതർക്കായില്ല. ഹൃദയത്തിന്റെ പ്രവർത്തനം സ്വാഭാവികമായി നിലയ്ക്കുന്നതിനാൽ ഹൃദയവാൽവ് മാത്രമാണ് ദാനം ചെയ്യാനായത്. ശ്രീചിത്രയിലെ രോഗികൾക്കാണ് വാൽവ് നൽകിയത്. ശ്രീ ചിത്രയിലെ പീഡിയാട്രിക് സർജനും കാർഡയോ വാസ്‌കുലാർ തൊറാസിക് സർജറി മേധാവിയുമായ ഡോ ബൈജു എസ് ധരൻ, റസിഡന്റുമാരായ ഡോ. സുരാജ്, ഡോ. റാഷിദ, ഡോ. ആകാശ് എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. ശ്രീകാന്തിന്റെ വേർപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും കെ.കെ. ശൈലജയും അനുശോചനം അറിയിച്ചു. വർക്കല നഗരസഭ താത്കാലിക ജീവനക്കാരി രമ്യയാണ് ശ്രീകാന്തിന്റെ ഭാര്യ മകൻ: അങ്കിത്.