വെള്ളറട: മലയോരമേഖലയിൽ ഇന്ന് 15 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാരക്കോണത്ത് നടത്തിയ ആന്റിജൻ പരിശോധനയിൽ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ 11 പേർക്കും പൂഴനാട് നടത്തിയ പരിശോധനയിൽ ഒറ്റശേഖരമംഗലം പഞ്ചായത്തിലെ ഒരാൾക്കും നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വെള്ളറട ഗ്രാമപഞ്ചായത്തിലെ പനച്ചമൂട് സ്വദേശികളായ മൂന്നുപേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കുന്നത്തുകാൽ എള്ളുവിള 4, മൂവേലിക്കര 3, മാണിനാട് 3, കാലായിൽ 1,ഒറ്റശേഖരമംഗത്ത് കളിവിളാകം 1 സ്വകാര്യ ആശുപത്രിയിൽ രോഗം സ്ഥിരീകരിച്ച മൂന്നു പേരും കഴിഞ്ഞ ദിവസം വെള്ളറടയിൽ രോഗം സ്ഥിരീകരിച്ച സ്വകാര്യ പണമിടമാട് സ്ഥാപനത്തിലെ ജീവനക്കാരിയായ പനച്ചമൂട് സ്വദേശിയുടെ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടവരാണ് . വെള്ളറടയിൽ പലചരക്കുകട നടത്തുന്ന തമിഴ്നാട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളുമായി സമ്പർക്കത്തിലുള്ളവരുടെ പട്ടിക തയ്യാറാക്കി വരുന്നു. രോഗബാധ വർദ്ധിച്ചതോടെ പൊലീസ് കർശന നടപടികൾ ആരംഭിച്ചു. കുന്നത്തുകാലിലും വെള്ളറടയിലും പ്രധാന റോഡുകളെല്ലാം ബാരിക്കോഡുകൾ ഉപയോഗിച്ച് പൊലീസ് അടച്ചു.