prathi

കല്ലമ്പലം: നിരവധി കേസുകളിൽ പ്രതികളായ അന്തർസംസ്ഥാന മോഷ്ടാക്കൾ പിടിയിൽ. കൊല്ലം പുത്തൻകുളം നന്ദുഭവനിൽ ബാബു എന്ന തീവെട്ടി ബാബു (61), കോലിയക്കോട് ശാന്തിഗിരി നെല്ലിക്കോട് വീട്ടിൽ ബാബു എന്ന കൊട്ടാരം ബാബു (55) എന്നിവരാണ് പിടിയിലായത്. കേരളത്തിനകത്തും പുറത്തുമായി 100ഓളം കേസുകളിൽ ഇവർ പ്രതികളാണ്. പോത്തൻകോട് മണിമല കൊട്ടാരത്തിലെ വാതിലുകളും ഫർണിച്ചറുകളും മോഷ്ടിച്ചുവിറ്റ കേസിൽ പ്രതിയായതോടെയാണ് കൊട്ടാരം ബാബു എന്ന വിളിപ്പേരുണ്ടായത്. നിരവധി കേസുകളിൽ കൊട്ടാരം ബാബു ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. മോഷ്ടിച്ച പണം പ്രതികൾ ആർഭാട ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. തീവെട്ടി ബാബുവുമായി കൊട്ടാരം ബാബുവിന് ജയിലിൽ വച്ചുള്ള പരിചയമാണ്. ഇയാൾക്കെതിരെ 26ഓളം മോഷണക്കേസുകൾ നിലവിലുണ്ട്. അടുത്തിടെ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇവർ പദ്ധതികൾ ആസൂത്രണം ചെയ്യുകയും കടുവയിൽപള്ളിക്ക് സമീപത്തെ വീട്ടിൽ മോഷണം നടത്തി രക്ഷപ്പെടുകയുമായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് പ്രതികളെ പിടികൂടാനായത്. കല്ലമ്പലം സി.ഐ ഫറോസ് ഐയുടെ നേതൃത്വത്തിൽ എസ്.ഐ ഗംഗാപ്രസാദ്, ഗ്രേഡ് എസ്.ഐമാരായ രാധാകൃഷ്ണൻ, ജയൻ, ജി.എസ്.ഐമാരായ രാജീവ്, സുരേഷ്, എസ്.സി.പി.ഒ മനോജ്‌ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റുചെയ്‌തത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.