തിരുവനന്തപുരം: തീരപ്രദേശങ്ങളിലെ രോഗവ്യാപനം കുറയ്ക്കുന്നതിന്റെ ഭാഗമായി പൊലീസ് സ്‌പെഷ്യൽ ഡ്രൈവ് നടത്തുമെന്ന് സൗത്ത് സോൺ ഡി.ഐ.ജി കെ. സഞ്ജയ് കുമാർ അറിയിച്ചു. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയായിരിക്കും സ്‌പെഷ്യൽ ഡ്രൈവ് നടത്തുക. തലസ്ഥാനത്ത് രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. നഗരത്തിലും രോഗവ്യാപനം രൂക്ഷമായ മറ്റിടങ്ങളിലും റൂറൽ പൊലീസ് നിരീക്ഷണവും ജാഗ്രതയും കർശനമാക്കിയിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായാണ് സ്‌പെഷ്യൽ ഡ്രൈവ് നടത്താൻ തീരുമാനിച്ചതെന്നും ഡി.ഐ.ജി വ്യക്തമാക്കി. സിവിൽ പൊലീസ് ഓഫീസർമാർ മുതൽ ഡി.ഐ.ജി വരെ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമാകും. ഇന്നലെ ഡി.ഐ.ജി കെ. സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ ബാലരാമപുരം, കാഞ്ഞിരംകുളം, പൂവാർ, കഠിനംകുളം, അഞ്ചുതെങ്ങ്, വർക്കല പ്രദേശങ്ങളിൽ സ്‌പെഷ്യൽ ഡ്രൈവ് നടത്തി. മുഴുവൻ ചെക്ക് പോയിന്റുകളിലെയും പ്രവർത്തനങ്ങൾ, കണ്ടെയ്ൻമെന്റ് സോണുകളിലെ നിരീക്ഷണങ്ങൾ എന്നിവ ഡി.ഐ.ജി നേരിട്ട് വിലയിരുത്തി.