പൂവാർ: സമഗ്ര ഗ്രാമീണ ശുദ്ധജല പദ്ധതി ലക്ഷ്യമാക്കി ആരംഭിച്ച കുമിളി വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് പൂർണത കൈവരിക്കാതെ ഇഴയുന്നു. 15.92 കോടി മുടക്കി ആധുനിക സൗകര്യങ്ങളോടെ ആരംഭിച്ച പദ്ധതി തീരദേശ ഗ്രാമങ്ങളിൽ കൂടി കുടിവെള്ളം ഉറപ്പാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും തിരുപുറം വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിൽ നിന്നും ശുദ്ധീകരിച്ച ജലം തീരദേശവാസികൾക്ക് കിട്ടാക്കനിയാണ്. നെയ്യാറിൽ നിന്നുള്ള വെള്ളം ശേഖരിച്ച് ശുദ്ധീകരിച്ചാണ് വിതരണം ചെയ്യുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനം വിജയം കണ്ടു. എന്നാൽ ശുദ്ധീകരിച്ച ജലം കാഞ്ഞിരംകുളം, കരുംകുളം, പൂവാർ മേഖലകളിലെ ടാങ്കുകളിലേക്ക് പമ്പുചെയ്തതോടുകൂടിയാണ് ജലവിതരണം അവതാളത്തിലായത്. 1956ൽ കുഴിച്ചിട്ട പൈപ്പുകളിലൂടെയാണ് വെള്ളം പമ്പു ചെയ്യേണ്ടി വന്നത്. പഴക്കമേറിയതും വലിപ്പം കുറഞ്ഞതുമായ പൈപ്പുകൾ അടിക്കടി പൊട്ടുന്നത് നിലവിലെ പരിമിതമായ ജലവിതരണത്തെയും ബാധിച്ചു. അതിനാൽ നിലവിലെ ജലവിതരണ സംവിധാനം പൂർണമായും മാറേണ്ടതുണ്ടെന്ന് അന്നത്തെ അസ്സിസ്റ്റ്ന്റ് എൻജിനിയർ പറഞ്ഞിരുന്നു. എന്നാൽ തുടർപ്രവർത്തനങ്ങൾ ഇല്ലാതെ പദ്ധതി നിലച്ചിട്ട് മാസങ്ങളായി.
പദ്ധതിയുടെ ആരംഭം
1958ലാണ് തിരുപുറത്തെ കുമിളിയിലാണ് വാട്ടർ സപ്ലൈ സ്‌കീമിന് തുടക്കം കുറിച്ചത്. അന്നത്തെ കേരള ഗവർണർ ബി.രാമകൃഷ്ണറാവു ആണ് പദ്ധതി നാടിന് സമർപ്പിച്ചത്. പ്രദേശത്തെ വറ്റാത്ത നീരുറവകളെ മാത്രം ആശയിച്ചായിരുന്നു തുടക്കം. ജലത്തിന്റെ ഉപയോഗം കൂടിയതോടെ നിലവിലെ സംവിധാനം പര്യാപ്തമല്ലെന്ന് ബോധ്യമായി. തുടർന്നാണ് നെയ്യാറ്റിലെ ജലത്തെയും ഉപയോഗപ്പെടുത്തി വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിച്ചത്. 60 വർഷത്തിന് ശേഷമാണ് ആധുനിക ശേഷിയുള്ള ഒരു പ്ലാന്റ് പ്രദേശത്ത് സ്ഥാപിക്കുന്നത്. നെയ്യാറിൽ നിന്നും 8 മില്യൺ ലിറ്റർ വെള്ളവും, കുമിളിയിലെ സ്വാഭാവിക നീരുറവയിൽ നിന്ന് ശേഖരിക്കുന്ന 4 മില്യൺ ലിറ്റർ വെള്ളവും ഉൾപ്പെടെ 12 മില്യൺ ലിറ്റർ വെള്ളം ഒരു ദിവസം ശുദ്ധീകരിക്കാനുള്ള ശേഷി പുതിയ പ്ലാന്റിനുണ്ട്. തിരുപുറത്ത് 8 ലക്ഷം ലിറ്ററിന്റെ ടാങ്കും, കാഞ്ഞിരംകുളത്ത് നിലവിലെ 2 ലക്ഷം ലിറ്റർ ടാങ്കും കൂടാതെ 4.4 ലക്ഷം കൊള്ളുന്ന പുതിയ ടാങ്കും സ്ഥാപിച്ചിട്ടുണ്ട്. കരുംകുളം പരണിയത്ത് 4.5 ലക്ഷം ലിറ്ററിന്റെ ടാങ്കും പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചിട്ടുണ്ട്. പൂവാറിൽ 2.5 ലക്ഷം ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്ക് നിലവിലുണ്ട്. ഈ ടാങ്കുകളിലൊന്നിലും വെള്ളം പമ്പു ചെയ്ത് നിറയ്ക്കാനോ, അവിടെ നിന്നും വിതരണം ചെയ്യാനോ നിലവിൽ കഴിഞ്ഞിട്ടില്ല.
കരിച്ചൽ പദ്ധതി
പൂവാർ മുതൽ അടിമലത്തുറ വരെയുള്ള തീരദേശത്ത് ഇപ്പോഴും കരിച്ചൽ പമ്പുഹൗസിലെ വെള്ളമാണ് എത്തുന്നത്. ഇവിടെ നിന്ന് കിട്ടുന്ന വെള്ളം പലപ്പോഴും ചെളി കലർന്നതാണെന്നും ദിവസങ്ങൾ കൂടുമ്പോഴാണ് വെള്ളം കിട്ടുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. കൂടാതെ കുടിവെള്ള വില്പനയ്ക്കായി പ്രദേശത്ത് നിന്ന് ഭൂഗർഭ ജലം ഊറ്റി ടാങ്കർ ലോറികളിൽ വില്പന നടത്തുന്ന സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. വ്യാപകമായ ജലചൂഷണം ചെറുക്കുന്നതിനും തീരദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും കുമിളി വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ പ്രവർത്തനം കുറ്റമറ്റതാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.