ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയുടെ പൊതുശ്മശാനത്തിൽ കൊവിഡ്ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാനെത്തിച്ചതിൽ പ്രതിഷേധം. സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.പൊലീസും മുനിസിപ്പൽ ചെയർമാനും ഇടപെട്ട് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയ ശേഷമാണ് നാട്ടുകാർ പിരിഞ്ഞുപോയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സംസ്കാരം. കൊവിഡ് ബാധിച്ച് ചൊവ്വാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ച അഞ്ചുതെങ്ങ് കുന്നുംപുറം പുത്തൻ വീട്ടിൽ (ശോഭാനിവാസ്) ഇഗ്നേഷ്യസിന്റെ ഭാര്യ ജൂഡി ഇഗ്നേഷ്യസിന്റെ (69) മൃതദേഹമാണ് വെള്ളിയാഴ്ച വൈകിട്ട് 4.30-ന് ആറ്റിങ്ങൽ പൊതുശ്മശാനത്തിലെത്തിച്ചത്. ജനപ്രതിനിധികളെയോ നാട്ടുകാരെയോ അറിയിക്കാതെയും ജനപ്രതിനിധികളുടെ സാന്നിദ്ധ്യമില്ലാതെയും മൃതദേഹം സംസ്‌കരിക്കാൻ കൊണ്ടുവന്നതിനെ ചോദ്യം ചെയ്താണ് നാട്ടുകാർ രംഗത്തെത്തിയത്. വിവരമറിഞ്ഞ് ആറ്റിങ്ങൽ എസ്.എച്ച്.ഒ. വി.വി.ദിപിൻ നഗരസഭാ ചെയർമാൻ എം.പ്രദീപ് എന്നിവർ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി.തുടർന്ന് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.