തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 1251 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 1061 പേരും സമ്പർക്ക രോഗികൾ. 73 പേരുടെ രോഗ ഉറവിടം വ്യക്തമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അഞ്ചുമരണം കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് മരണം നൂറു കടന്നു. ഈമാസം 2ന് മരണമടഞ്ഞ കണ്ണൂർ സ്വദേശി സജിത്ത് (40),3ന് മരണപ്പെട്ട മലപ്പുറം സ്വദേശി ഇമ്പിച്ചികോയ (68),തിരുവനന്തപുരം ഉച്ചക്കട സ്വദേശി ഗോപകുമാർ (60),5ന് മരണമടഞ്ഞ എറണാകുളം സ്വദേശി പി.ജി ബാബു (60),വ്യാഴാഴ്ച മരണമടഞ്ഞ ആലപ്പുഴ ചേർത്തല സ്വദേശി സുധീർ (63),എന്നിവരുടെ പരിശോധനാഫലമാണ് പോസിറ്റീവായത്. ആകെ മരണം 102.
18 ആരോഗ്യ പ്രവർത്തകർ കൂടി രോഗബാധിതരായി. 814 പേർ രോഗമുക്തരായി. തലസ്ഥാനത്ത് 289 പുതിയ കേസുകളിൽ 281 പേരും സമ്പർക്കരോഗികളാണ്.
ആകെ രോഗബാധിതർ 31700
ചികിത്സയിലുള്ളവർ 12,411
രോഗമുക്തർ 19,151
ഫലംലഭിക്കാനുള്ളത് 9041