തിരുവനന്തപുരം: മന്ത്രി കെ.ടി ജലീൽ ചെയർമാനായ സി-ആപ്റ്റിന്റെ അടച്ചുമൂടിയ ലോറിയിൽ യു.എ.ഇ കോൺസുലേറ്റിന്റേതെന്ന പേരിൽ പാഴ്സൽ കടത്തിയതിൽ അന്വേഷണം മലപ്പുറത്തേക്ക് . പാഴ്സലുകളെത്തിച്ച എടപ്പാളിൽ കസ്റ്റംസ് അന്വേഷണം നടത്തും.
കോൺസുലേറ്റ് അയച്ച പാഴ്സലുകൾ മലപ്പുറത്തുണ്ടെന്ന് മന്ത്രി ജലീൽ വെളിപ്പെടുത്തിയിട്ടുണ്ട്. മതഗ്രന്ഥമെന്ന പേരിൽ പാഴ്സൽ കൊണ്ടു പോയത് ആസൂത്രിതമാണെന്നും, ലോക്ക് ഡൗൺ കാലത്തെ കടത്തിൽ ദുരൂഹതകളേറെയാണെന്നും കസ്റ്റംസ് പറയുന്നു. സി-ആപ്‌റ്റ് മുൻഡയറക്ടർ എം.അബ്ദുൽ റഹ്മാന്റെ നിർദ്ദേശ പ്രകാരമായിരുന്നു പാഴ്സലുകൾ കൊണ്ടുപോയതെന്ന് ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. പൊലീസ് പരിശോധന ഒഴിവാക്കാൻ കേരളാ സ്റ്റേറ്റ് ബോർഡ് വച്ച ലോറിയിൽ സ്വർണം കടത്തിയെന്നാണ് സംശയിക്കുന്നത്.
വിമാനത്താവളത്തിൽ നിന്ന് രണ്ട് കോൺസുലേറ്റ് വാഹനങ്ങളിൽ 32 പാക്കറ്റുകളാണെത്തിച്ചത്. നേരത്തേ മാർക്ക് ചെയ്തിരുന്ന പെട്ടികളിൽ രണ്ടെണ്ണം ജീവനക്കാരുടെ മുന്നിൽവച്ചു പൊട്ടിച്ചു. മതഗ്രന്ഥങ്ങളാണുണ്ടായിരുന്നത്. പിന്നീട് പാക്കറ്റുകൾ സി-ആപ്‌റ്റിലെ അടച്ചുമൂടിയ വണ്ടിയിൽ മലപ്പുറത്തേക്കു കൊണ്ടുപോവുകയായിരുന്നു. .
സ്ത്രീ ശക്തി ലോട്ടറിയും പ്ലസ് വൺ, പ്ലസ്ടു പാഠപുസ്തകങ്ങളും ഒമ്പതാം ക്ലാസുവരെയുള്ള ചോദ്യപേപ്പറുകളും അച്ചടിക്കുന്നതു സി ആപ്‌റ്റിലാണ്. ജൂൺ 25ന് മലപ്പുറത്തേക്കു കൊണ്ടുപോകാനായി അടച്ചുമൂടിയ വണ്ടിയിൽ പാഠപുസ്തകങ്ങൾ നേരത്തെ തയാറാക്കി വച്ചിരുന്നു. ഇതിനോടൊപ്പമാണ് കോൺസുലേറ്റ് വാഹനത്തിലെത്തിച്ച പാഴ്സലുകളും കൊണ്ടുപോയത്. പിന്നാലെ, മറ്റൊരു വാഹനം കർണാടകത്തിലേക്ക് പോയതായും കസ്റ്റംസിന് വിവരം കിട്ടി. സ്വർണക്കടത്ത് പിടികൂടിയതിനു പിന്നാലെ, അബ്ദുൽ റഹ്മാനെ സി-ആപ്‌റ്റിൽ നിന്ന് മാറ്റി എൽ.ബി.എസ് ഡയറക്ടറാക്കിയതും അന്വേഷിക്കും.
അന്വേഷണം
യു.എ.ഇയിലും
റംസാൻ റിലീഫിനായി വിശ്വാസികൾക്ക് നൽകാൻ മതഗ്രന്ഥം യു.എ.ഇയിൽ നിന്ന് അയച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതിന് ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതിയുടെ സഹായം തേടും. കോൺസുലേറ്റിലെ രേഖകളും, കാമറാ ദൃശ്യങ്ങളും അനൗദ്യോഗികമായി പരിശോധിക്കാനും ശ്രമമുണ്ട്. സ്വർണം പിടികൂടിയ ശേഷം കസ്റ്റംസിന് എഴുതി നൽകിയ മൊഴിയിൽ, മതഗ്രന്ഥങ്ങൾ എത്തിച്ചിരുന്നതായി അറ്റാഷെ വെളിപ്പെടുത്തിയിരുന്നു.