പാറശാല: ദീർഘദൂര ഓട്ടക്കാരൻ ബാഹുലേയനും കൊവിഡ് രോഗികളെ പരിചരിക്കുന്ന ക്വാറന്റൈൻ കേന്ദ്രത്തിലെ ജീവനക്കാരനായി എത്തി. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തിലാണ് പരിചരണ കേന്ദ്രത്തിൽ തന്റെ സേവനവുമായി ബാഹുലേയനും എത്തിയത്. ധനുവച്ചപുരം സ്വദേശിയും ലിംക ബുക്ക് ഒഫ് വേൾഡ് റെക്കാഡ്സ് ജേതാവുമായ ബാഹുലേയൻ ഇപ്പോൾ കൊല്ലം ആശ്രാമം മൈതാനം സ്റ്റേഡിയത്തിൽ പ്രവർത്തിച്ചുവരുന്ന ക്വാറന്റൈൻ കേന്ദ്രത്തിലാണ് ജോലി ചെയ്യുന്നത്. സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്റ്റേഡിയത്തിലെ താത്കാലിക ജീവനക്കാരനായി തുടരവെയാണ് രോഗികളുടെ പരിചരണത്തിൽ പങ്കാളിയാവാനും നിയോഗമുണ്ടായത്. നേരത്തെ തന്നെ ബാഹുലേയൻ തനിക്ക് ലഭിച്ച ശമ്പളത്തിലെ ഒരു ഭാഗം കൊവിഡ് പ്രതിരോധത്തിനായി സി.പി.എം ജില്ലാ സെക്രട്ടറി മേഖേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു.