കിളിമാനൂർ: കുടുംബ വഴക്കിനെ തുടന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. കിളിമാനൂർ അടയമൺ ആറ്റൂർ ജുമാ മസ്ജിദിന് സമീപം സൽമിയ മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന ഷീജ (50) ആണ് മരിച്ചത്. ഭർത്താവ് ഷാനവാസിനെ (55) കിളിമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കിളിമാനൂർ ഊമൺ പള്ളിക്കര ഇരപ്പിൽ കല്ലിടുക്കിൽ വീട്ടിൽ താമസിച്ചിരുന്ന ഷാനവാസിന്റെ കുടുംബം ഇപ്പോൾ ആയൂർ മഞ്ഞപ്പാറയാണ് താമസിക്കുന്നത്. അവിടെ നിന്നാണ് ഷാനവാസിന്റെ ജന്മ സ്ഥലമായ ആറ്റൂരിൽ വാടകയ്ക്ക് താമസമാക്കിയത്. ഷീജ ചിറയിൻകീഴ് അഴൂർ സ്വദേശിനിയാണ്. ഇന്നലെ രാവിലെ ആറു മണിയോടെയായിരുന്നു സംഭവം പുറത്തറിയുന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഷാനവാസ് ഉമ്മയെയും സഹോദരിയെയും വിവരം അറിയിക്കുകയായിരുന്നു. അവർ വന്നശേഷമാണ് നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചത്. വീട്ടിൽ നിന്നാണ് പൊലീസ് ഷാനവാസിനെ കസ്റ്റഡിയിലെടുത്തത്. റിയൽ എസ്റ്റേറ്റ് ബിസിനസും മറ്റും നടത്തി വന്ന ഷാനവാസ് ഇപ്പോൾ ആട്ടോ ഓടിക്കുകയാണ്. ഭാര്യയുമായി പതിവായി കലഹം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. മൃതദേഹം കൊവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തി അഴൂരിൽ കൊണ്ടുപോയി പെരുമാതുറ ജുമാമസ്ജിദ് കബർ സ്ഥാനിൽ കബറടക്കും. മക്കൾ: അജ്മൽ,അജാസ്. കിളിമാനൂർ പൊലീസ് കേസെടുത്തു.
ഫോട്ടോ: അറസ്റ്റിലായ ഷാനവാസ്.