pinarayi

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസന്വേഷണത്തിൽ എൻ.ഐ.എ കഴിഞ്ഞ ദിവസം പറഞ്ഞതിനപ്പുറത്തേക്ക് ചില മാനങ്ങൾ ചാർത്തിക്കൊടുക്കാൻ ചിലർ ബോധപൂർവ്വം ശ്രമിച്ചുവെന്ന് ആരോപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ,മാദ്ധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ചു..

കേരളത്തിന്റെ മുഖ്യമന്ത്രി സ്വർണ്ണക്കടത്തിന് കൂട്ടുനിന്നുവെന്നോ, അതിന് ശ്രമിച്ചുവെന്നോ വരുത്തിത്തീർക്കാനാണോ ചില മാദ്ധ്യമങ്ങളുടെ ശ്രമമെന്ന് ഇന്നലെ വാർത്താസമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ പലർക്കും പരിചയം കാണും. അതിനപ്പുറമുള്ള പരിചയം ഇവിടെയെന്താണ്? നിങ്ങൾക്ക് പരിചയമില്ലേയെന്ന് അത് ചോദിച്ച ലേഖകനോട് എൻ.ഐ.എ അഭിഭാഷകൻ ചോദിച്ചില്ലേ?.നിങ്ങൾ (മാദ്ധ്യമങ്ങൾ) പ്രത്യേക രീതിയുണ്ടാക്കാൻ ശ്രമിക്കുകയല്ലേ. നിങ്ങളുടെ ഉദ്ദേശ്യത്തെപ്പറ്റി നാട്ടുകാർക്കൊന്നും സംശയമില്ല. നാടിന്റെ പൊതുവായ ബോധത്തെ മാറ്റിമറിക്കുന്നതാണോ മാദ്ധ്യമ ധർമ്മം? നിങ്ങൾ ഉപജാപകസംഘത്തിന്റെ വക്താക്കളായി മാറുകയല്ലേ. കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന എന്നെക്കുറിച്ച് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ വാർത്തകൾ കൊടുക്കുന്നത്? .എന്തും വിളിച്ചുപറയാമെന്ന അവസ്ഥയല്ലേ. ഏത് നിന്ദ്യമായ അവസ്ഥയും സ്വീകരിക്കാമെന്നല്ലേ. എനിക്കിതിലൊന്നും സംശയമില്ല. നാട്ടുകാർക്കും കാര്യങ്ങളറിയാം. ഇതൊന്നും എവിടെയുമെത്താൻ പോകുന്നില്ല. കൃത്യമായ അന്വേഷണത്തിലൂടെ കാര്യങ്ങൾ പുറത്തുവരട്ടെ. അതല്ലേ നോക്കേണ്ടത്- ഇത് സംബന്ധിച്ച ചില ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി ക്ഷുഭിതനായി മറുപടി നൽകി.

എൻ.ഐ.എ കാര്യങ്ങൾ കൃത്യമായി അന്വേഷിക്കട്ടെ. അതിന്റെ ഭാഗമായി അവർക്ക് എവിടെയെല്ലാം പോകണോ അവിടെയെല്ലാം പോകട്ടെ. അതിനപ്പുറമൊന്നും എനിക്കിപ്പോൾ പറയാനില്ല. അവരുടെ അന്വേഷണത്തിന്റെ ഭാഗമായി കുറേ കാര്യങ്ങൾ പറയുന്നുണ്ടാകും. അതിലേതാണ് ശരി, ഏതാണ് തെറ്റെന്നെല്ലാം പുറത്ത് വരുമല്ലോ.മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതതസ്തികയിലിരുന്ന ഉദ്യോഗസ്ഥൻ പ്രതിയാകുമ്പോഴുണ്ടാകുന്ന സ്വാഭാവികമായ ചോദ്യമാണോ മാദ്ധ്യമങ്ങളുയർത്തുന്നത്. അങ്ങനെയെങ്കിൽ ആ ഉദ്യോഗസ്ഥനിൽ ഒതുങ്ങി നിൽക്കുമല്ലോ. ഇന്നലത്തെ ചില മാദ്ധ്യമങ്ങളുടെ തലക്കെട്ടുകൾ നോക്കണം. അതാണോ റിപ്പോർട്ടിന്റെ പൊരുൾ. വേറെ പലർക്കും പല ഉദ്ദേശങ്ങളും കാണും. അതിന് കൂട്ടുനിൽക്കലാണോ നിങ്ങളുടെ പണി?

ആരുടെ നെഞ്ചിടിപ്പ്

കൂടുമെന്ന് കാണാം

രാഷ്ട്രീയമായി എന്നെയും ഈ സർക്കാരിനെയും തകർക്കാനും,എന്നെ ഈ കസേരയിൽ നിന്നിറക്കാനും ശ്രമിക്കുന്ന ശക്തികളുണ്ടാവും. ആ ശക്തികളുടെ കൂടെ നിൽക്കലല്ല മാദ്ധ്യമധർമ്മം. നിങ്ങൾ എന്തെല്ലാം രീതിയാണ് സ്വീകരിക്കുന്നത്. ഇന്നൊരു മാദ്ധ്യമം ഉപ്പും വെള്ളവുമെടുത്ത് പോകുന്നത് കണ്ടല്ലോ. ആരാണ് ഉപ്പ് പേറിയത്. ആരാണ് വെള്ളമെടുത്തത്. ആരാണ് വെള്ളം കുടിക്കേണ്ടി വരുക. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തലപ്പത്തിരിക്കുന്ന വ്യക്തിയെന്ന നിലയിൽ ഞാൻ വെള്ളം കുടിക്കേണ്ടി വരുമെന്നാണോ? അതൊക്കെ മനസ്സിൽ വച്ചാൽ മതി. എനിക്കങ്ങനെ യാതൊരാശങ്കയുമില്ല. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ഗൗരവമായ കേസ് ഗൗരവമായ രീതിയിൽ അന്വേഷിക്കട്ടെയെന്ന്. അതുതന്നെയാണ് എൻ.ഐ.എ കോടതിയിലും പറഞ്ഞത്. ഇനിയധികം ദിവസം വേണ്ടി വരില്ല. എല്ലാ വിവരവും സ്വാഭാവികമായി പുറത്തുവരും. ആരുടെയൊക്കെ നെഞ്ചിടിപ്പാണ് കൂടുകയെന്ന് അപ്പോൾ കാണാം. എനിക്കും എന്റെ ഓഫീസിനും ഒന്നും മറച്ചുവയ്ക്കാനില്ല - മുഖ്യമന്ത്രി പറഞ്ഞു.