തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസിലെ പ്രതി ബിജുലാലിന്റെ ഭാര്യയെയും സഹോദരിയെയും ഇന്ന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. ബിജുലാൽ തട്ടിച്ച പണം ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തിയതിനെ തുടർന്നാണിത്.
ഏഴ് മാസമായി 50 തവണയാണ് ബിജുലാൽ പണം വെട്ടിച്ചത്. ഇതിൽ ആദ്യം വെട്ടിച്ച 74 ലക്ഷം രൂപയിൽ 25ലക്ഷം രൂപ തന്റെ വായ്പ തിരിച്ചടയ്ക്കാനും സഹോദരിക്ക് സ്ഥലം വാങ്ങാനുള്ള അഡ്വാൻസ് നൽകാനും ഭാര്യയ്ക്ക് ആഭരണം വാങ്ങാനുമാണ് ചെലവഴിച്ചെന്ന് ബിജുലാൽ പൊലീസിനോട് പറഞ്ഞിരുന്നു.
റിമാൻഡിൽ കഴിയുന്ന ബിജുലാലിനെ കസ്റ്റഡിയിൽ കിട്ടാനായി പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.. ഇന്നലെ ബിജുലാലിന്റെ പയറ്റുവിളയിലെ കുടുംബ വീട്ടിലും കരമനയിലെ വാടക വീട്ടിലുമെത്തി പൊലീസ് പരിശോധന നടത്തി. പണമിടപാടുകൾ സംബന്ധിച്ച രേഖകൾ കിട്ടി.