cpm

തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസിൽ സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്നും എൻ.ഐ.എ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിനെ ഒരുതരത്തിലും ബാധിക്കില്ലെന്നും സി.പി.ഐ സംസ്ഥാന നേതൃത്വത്തെ സി.പി.എം നേതൃത്വം അറിയിച്ചു.

കഴിഞ്ഞ ദിവസം സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രനുമായി നടത്തിയ ചർച്ചയിൽ സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യത്തിൽ ശുഭാപ്തിവിശ്വാസം ആവർത്തിച്ചെന്നാണ് വിവരം.

മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ യുവതിയുമായി ബന്ധമുണ്ടെങ്കിലും കള്ളക്കടത്തിൽ പങ്കില്ലെന്നാണ് സി.പി.എം വിശദീകരണം. ഇതുവരെയുള്ള അന്വേഷണത്തിൽ എൻ.ഐ.എയും അത്തരം കണ്ടെത്തലുകൾ നടത്തിയിട്ടില്ല. പ്രതി ആവശ്യപ്പെട്ടിട്ടും സ്വർണ്ണം കടത്തിയ ലഗേജ് വിട്ടുകിട്ടാനായി ശിവശങ്കർ കസ്റ്റംസിനെ വിളിച്ചില്ലെന്ന് എൻ.ഐ.എ അഭിഭാഷകൻ കോടതിയിൽ പറഞ്ഞതും സി.പി.എം നേതൃത്വം ചൂണ്ടിക്കാട്ടി. എന്നാൽ, ശിവശങ്കറിന്റെ ഇടപെടലുകൾ സർക്കാരിന്റെ യശസ്സിന് തിരിച്ചടിയായെന്നാണ് സി.പി.ഐയുടെ നിലപാട്.

മുഖ്യമന്ത്രിയുമായി പരിചയമുണ്ടെന്ന സ്വപ്നയുടെ മൊഴി അടിസ്ഥാനമാക്കിയുള്ള പ്രചാരണത്തിൽ കഴമ്പില്ലെന്ന് തന്നെയാണ് സി.പി.എമ്മിനെ പോലെ സി.പി.ഐയുടെയും നിലപാട്. ഔദ്യോഗിക പരിപാടികളിൽ കണ്ടതിനെ വക്രീകരിച്ച് ചിത്രീകരിക്കുകയാണ്.

കൊവിഡ് പ്രതിരോധച്ചുമതല പൊലീസിനെ ഏല്പിച്ചതുൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയായി. സി.പി.ഐ ഇതിനെ എതിർക്കുന്നില്ലെന്നാണ് വിവരം.