തിരുവനന്തപുരം: എം.പി. വീരേന്ദ്രകുമാർ അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിൽ ഇടതുമുന്നണിയിൽ നിന്ന് ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി) തന്നെ മത്സരിക്കും. സി.പി.എം, സി.പി.ഐ നേതൃത്വങ്ങൾ ഇക്കാര്യത്തിൽ ധാരണയിലെത്തി. മറ്റ് ഘടകകക്ഷികളും അവകാശവാദമുന്നയിക്കില്ലെന്ന് ഉറപ്പാക്കി. എൽ.ഡി.എഫ് ജയിക്കുമെന്നുറപ്പുള്ള സീറ്റിൽ എൽ.ജെ.ഡി സംസ്ഥാന അദ്ധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാറിനെ മത്സരിപ്പിക്കാൻ പാർട്ടി സംസ്ഥാന നേതൃയോഗം നേരത്തേ തീരുമാനിച്ചിരുന്നു. ഇന്ന് വൈകിട്ട് ചേരുന്ന ഇടതുമുന്നണി സംസ്ഥാനസമിതിയോഗമാണ് നടപടികൾ തീരുമാനിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കുക. എൽ.ജെ.ഡി സംസ്ഥാന നേതൃത്വം സീറ്റിനായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും മുഖ്യമന്ത്രി പിണറായി വിജയനെയും നേരത്തേ തന്നെ കണ്ടിരുന്നു. മുന്നണിക്ക് കത്തും നൽകി. സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം തീരുമാനമറിയിക്കാമെന്നാണ് കോടിയേരി മറുപടി നൽകിയത്. ശേഷിക്കുന്ന കാലാവധിയിലേക്കാണ് തിരഞ്ഞെടുപ്പ്. യു.ഡി.എഫിൽ നിന്ന് എം.പി സ്ഥാനം രാജിവച്ചെത്തിയ വീരേന്ദ്രകുമാറിനെ അന്ന് ഇടതുസ്വതന്ത്രനായാണ് മത്സരിപ്പിച്ചത്. അതുകൊണ്ടുതന്നെ സീറ്റിൽ തുടർന്നും അവകാശവാദമുന്നയിക്കുമോയെന്നതിലായിരുന്നു സി.പി.എമ്മിനുൾപ്പെടെ ആകാംക്ഷ. ഇക്കാര്യത്തിൽ മറ്റ് അവകാശവാദങ്ങളൊന്നുമില്ലെന്ന സൂചന എൽ.ജെ.ഡി നേതൃത്വം വ്യക്തമാക്കിയതോടെയാണ് സി.പി.എം നേതൃത്വം സമ്മതമറിയിച്ചത്. സി.പി.ഐ നേതൃത്വവും സമ്മതിച്ചു. മറ്റ് ഘടകകക്ഷികളുമായും എൽ.ജെ.ഡി നേതൃത്വം ബന്ധപ്പെട്ട് സമവായ സാദ്ധ്യത ഒരുക്കിയതോടെയാണ് ഇന്നലെ സി.പി.എം സെക്രട്ടേറിയറ്റിന്റെ സമ്മതവുമെത്തിയത്. നിയമസഭാമന്ദിരത്തിൽ 24ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്. 13നാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. രാവിലെ 11നും 3നുമിടയ്ക്ക് പത്രിക സമർപ്പിക്കാം.