തിരുവനന്തപുരം: വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച സുപ്രഭാതം തിരുവനന്തപുരം യൂണിറ്റ് ഫോട്ടോഗ്രാഫർ എസ്. ശ്രീകാന്തിന് പ്രിയപ്പെട്ടവുരടെ യാത്രാമൊഴി. ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം വൈകിട്ട് 4ന് മൃതദേഹം തിരുവനന്തപുരം പ്രസ്‌ക്ലബിലും തുടർന്ന് സുപ്രഭാതം ഓഫീസിലും എത്തിച്ചു. പത്രപ്രവർത്തക മേഖലയിലെ സഹപ്രവർത്തകരും സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലയിലുള്ളവരും അന്തിമോപചാരം അർപ്പിച്ചു. ശ്രീകണ്‌ഠേശ്വരത്തെ വസതിയിലെത്തിച്ച ശേഷം വൈകിട്ട് 6ന് ശാന്തികവാടത്തിൽ സംസ്‌കരിച്ചു. മന്ത്രിമാരായ കെ.കെ. ശൈലജ, കടകംപള്ളി സുരേന്ദ്രൻ, പി.തിലോത്തമൻ എന്നിവരും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും അനുശോചനം അറിയിച്ചു. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീകാന്ത് ആറു ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. ജൂലായ് 31 രാത്രി 11 മണിയോടെ പള്ളിമുക്ക് കുമാരപുരം റോഡിൽ ശ്രീകാന്ത് സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ ലോറിയിൽ ഇടിച്ചായിരുന്നു അപകടം. ഭാര്യ രമ്യ വർക്കല നഗരസഭ താത്കാലിക ജീവനക്കാരിയാണ്. മകൻ അങ്കിത്.
കെ.പി.സി.സി പ്രസിഡന്റിന് വേണ്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ് നുസൂർ,കെ.പി.സി.സി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ്,സീനിയർ ജേർണലിസ്റ്റ് ഫോറം സംസ്ഥാന പ്രസിഡന്റ് വി. പ്രതാപചന്ദ്രൻ, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി റെജി, മറ്റു ഭാരവാഹികൾ, തലസ്ഥാനത്തെ ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയായ ക്യാപിറ്റൽ ലെൻസ് വ്യൂ ഭാരവാഹികളായ ജി.പ്രമോദ്, ഹാരിസ് കുറ്റിപ്പുറം,കെ.ബി ജയചന്ദ്രൻ,കന്റോൺമെന്റ് സി.ഐ ഷാഫി തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.