kovalam

പൂവാർ: അപ്രതീക്ഷിതമായി പൊലീസ് കടകൾ അടപ്പിച്ചതോടെ പുല്ലുവിളയിൽ പ്രതിഷേധം അണപൊട്ടി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻ ജനക്കൂട്ടം പള്ളിയങ്കണത്തിലെത്തി. ആഴ്ചകളായുള്ള ലോക്ക്ഡൗണിനെ തുടർന്നു തീരദേശവാസികൾ അക്ഷരാർത്ഥത്തിൽ ദുരിതത്തിലായിരുന്നു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ നിബന്ധന വിധേയമായാണ് പ്രവർത്തിച്ചിരുന്നത്. ഉച്ചയ്ക്ക് 2ന് അടയ്‌ക്കേണ്ട കടകൾ യാതൊരു മുന്നറിയിപ്പുമില്ലാതെ രാവിലെ 11നു തന്നെ അടയ്ക്കാൻ ആവശ്യപ്പെട്ടതാണ് തീരദേശവാസികളെ ചൊടിപ്പിച്ചത്.പുല്ലുവിളയിൽ നിന്ന് സമീപ പ്രദേശത്തേക്കു പോകാനുള്ള വഴികളും പൊലീസ് ഇന്നലെ അടച്ചു. ഇതും ജനത്തെ പ്രകോപിപ്പിച്ചു. ആഴ്ചകളായി ഇല്ലാത്ത നിയന്ത്രണം എന്തിന് ഇന്നലെ നടപ്പാക്കി എന്നായിരുന്നു ചോദ്യം. ദുരന്ത നിവാരണ അതോറിട്ടി കഴിഞ്ഞ ദിവസം കളക്ടറുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. ഇതിന്റെ ഭാഗമായി ഡി.ഐ.ജി ഇന്നലെ തീരദേശത്ത് പരിശോധന നടത്തുകയും ചെയ്തു. അദ്ദേഹം പരിശോധനയ്ക്കു വരുന്നതറിഞ്ഞ പൊലീസ് കാര്യങ്ങൾ നിയന്ത്രണത്തിലാണെന്നു കാട്ടാനാണ് കടകളും വഴികളും അടപ്പിച്ചതെന്നാണ് മറ്റൊരു ആരോപണം. ദുരിത ജീവിതത്തെ തുടർന്നുള്ള പിരിമുറുക്കം അണപൊട്ടിയതോടെ ഒട്ടേറപ്പേർ പള്ളിയങ്കണത്തിലേക്ക് പാഞ്ഞു. ഇതിനിടെ ചിലർ ചേർന്ന് കൂട്ടമണി മുഴക്കി. അപ്പോഴേക്കും വൻ ജനക്കൂട്ടം പള്ളിയിലെത്തിക്കഴിഞ്ഞു. പുല്ലുവിള, പുതിയതുറ,കരിച്ചൽ തുടങ്ങിയ സ്ഥലങ്ങളിൽ പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ തകർത്തു. തുടർന്ന് പൊലീസുമായി ശക്തമായ വാക്കേറ്റവുമുണ്ടായി. ഒടുവിൽ നെയ്യാറ്റിൻകര ഡിവൈ.എസ്‌.പി സ്ഥലത്തെത്തി ജനക്കൂട്ടത്തെ അനുനയിപ്പിച്ചു തിരിച്ചയയ്ക്കുകയായിരുന്നു. ഡെപ്യൂട്ടി കളക്ടറുടെ സാന്നിദ്ധ്യത്തിൽ ഇന്ന് ചർച്ച നടത്താമെന്ന് അറിയിച്ചതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു.