കല്ലമ്പലം: ശക്തമായ മഴയിലും കാറ്റിലും വീടുകൾ തകർന്നു. വൃദ്ധയായ മാതാവും മകനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പള്ളിക്കൽ പഞ്ചായത്തിലെ മൂതല ജംഗ്ഷന് സമീപം കൃഷ്ണശ്രീയിൽ സുശീല (70) യുടെ വീടാണ് കഴിഞ്ഞ ദിവസം രാത്രിയിലെ ശക്തമായ മഴയിൽ തകർന്നത്. വീടിനുള്ളിലായിരുന്ന സുശീലയും മകൻ സതീഷും ശബ്ദം കേട്ട് പുറത്തേക്കോടിയതിനാൽ ദുരന്തം ഒഴിവായി. വീടിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി വീടിനായി ലൈഫ് പദ്ധതിയിൽ മുൻപ് അപേക്ഷ നൽകിയിരുന്നെങ്കിലും പരിഗണിക്കുകയുണ്ടായില്ല. വില്ലേജ്, പഞ്ചായത്തധികൃതർ സ്ഥലം സന്ദർശിച്ചു.
കരവാരം
ശക്തമായ മഴയിലും കാറ്റിലും വീട് തകർന്നു. കരവാരം പഞ്ചായത്തിൽ പതിനേഴാം വാർഡിൽ പറക്കുളത്ത് രാധാകൃഷ്ണ ഭവനിൽ ലീലാമണിയുടെ വീടാണ് കഴിഞ്ഞദിവസം രാത്രിയിൽ തകർന്നത്. വീടിന്റെ അടുക്കള ഭാഗവും പിറകുവശത്തെ മുറിയും പൂർണമായും തകർന്നു. മുൻവശവും മുറികളും ഏത് നിമിഷവും തകർന്നുവീഴാവുന്ന നിലയിലാണ്. നിർദ്ധന കുടുംബാംഗമായ ലീലാമണി ബധിരയും മൂകയുമാണ്. അവിവാഹിതയാണ്. വീട് തകരുന്ന സമയത്ത് ലീലാമണി മുൻവശത്തെ മുറിയിൽ ഉറക്കത്തിലായിരുന്നു. ദുരന്തം തലനാരിഴയ്ക്കാണ് തെന്നിമാറിയത്. കരവാരം പഞ്ചായത്തിലെ ദുരന്തനിവാരണ സേനാ പ്രവർത്തകർ സ്ഥലത്തെത്തി വേണ്ട സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചു. ലീലാമണിയെ ബന്ധുക്കളുടെ വീട്ടിലേക്ക് തത്ക്കാലം മാറ്റി. കേരള സർക്കാരിന്റെ റീബിൾഡ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കരവാരം പഞ്ചായത്ത് വാർഡ് മെമ്പർ സുനി പ്രസാദും ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ. ശിവദാസനും അറിയിച്ചു