നെയ്യാറ്റിൻകര: നഗരസഭാ പ്രദേശത്തെ കുളങ്ങൾ നവീകരിക്കാനുള്ള പദ്ധതികളെല്ലാം പാളി. ഇതിലേക്കായി നഗരസഭാ ബഡ്ജറ്റിൽ ഉൾക്കൊള്ളിക്കുന്ന തുക വകമാറ്റി ചെലവിടുന്നത് കാരണമാണ് കുളം നവീകരണം വാക്കിലൊതുങ്ങുന്നത്. നാട്ടുകാർ കുളിക്കാനും വസ്ത്രം അലക്കാനുമായി ഉപയോഗിച്ചിരുന്ന പ്രദേശത്തെ ഒട്ടുമിക്ക കുളങ്ങളും ചെളിയും ചേറുമേറി ചുറ്റും കാടും പടർപ്പും വളർന്ന് നശിച്ചു കൊണ്ടിരിക്കുകയാണ്. ചില കുളങ്ങൾക്ക് സമീപമുള്ള പുറമ്പോക്ക് ഭൂമിയും കൈയേറിയിട്ടുണ്ട്.
കുളങ്ങളിലേക്ക് വെള്ളം ഒഴുകിയെത്താനും പുറത്തേക്ക് പോകാനുമുള്ള വാട്ടർ സ്ലൂയിസുകൾ അടഞ്ഞതാണ് പ്രധാനമായും കുളത്തിലേക്ക് നീരൊഴുക്ക് കുറയാനും ചെളിയും ചേറും അടിത്തട്ടിൽ അടിഞ്ഞു കൂടാനും കാരണം. മാർത്താണ്ഡവർമ്മയ്ക്ക് ഒളിവുകാലത്ത് അഭയം നൽകിയ അത്താഴമംഗലത്ത് വീടിന് സമീപമുള്ള അത്താഴമംഗലം കുളം, അത്താഴമംഗലം ചെറിയ കുളം, തുടങ്ങി ചരിത്രസ്മാരകങ്ങളായ കുളങ്ങൾ പോലും സംരക്ഷിക്കപ്പെടുന്നില്ല. കണക്കനുസരിച്ച് നഗരസഭയിൽ 44 വാർഡുകളിലായി ആകെ 72 കുളങ്ങളാണുള്ളത് . 2018-19ൽ നവീകരിക്കാൻ തിരഞ്ഞെടുത്തത് 14 എണ്ണവും. മൊത്തം 50 ലക്ഷം രൂപ നവീകരണത്തിനായി മാറ്റിവച്ചിട്ടുണ്ട്. കഴിഞ്ഞ ബഡ്ജറ്റിൽ 7 കുളങ്ങൾ നവീകരിക്കാനായി മൊത്തം 70 ലക്ഷം രൂപ ചെലവിട്ടതായാണ് രേഖകളിലുള്ളത്. പക്ഷേ എത്രകുളം നവീകരിച്ചെന്നുള്ളതിന് നഗരസഭയിൽ പോലും കണക്കുകളില്ല.
മാതൃകാകുളവും അവഗണനയിൽ
നഗരസഭാ പ്രദേശത്ത് മാതൃകാകുളമായി തിരഞ്ഞെടുത്ത് കുട്ടികൾക്ക് നീന്തൽ പരിശീലനവും ഏർപ്പെടുത്തിയ പനങ്ങാട്ടുകരി കുളം പരിചരണം ഇല്ലാതെ കിടപ്പാണ്. ഈ കുളത്തിന് ചുറ്റും പ്രഭാത സവാരിക്കാർക്കായി നടപ്പാത നിർമ്മിച്ചെങ്കിലും അതും പ്രയോജനപ്പെട്ടില്ല. ലക്ഷങ്ങൾ മുടക്കി നടപ്പാതയ്ക്കായി നിർമ്മിച്ച് ഇന്റർലോക്ക് ബ്രിക്സ് പൊളിയാറായ നിലയിലാണ്.
കേന്ദ്രഫണ്ട് ഉപയോഗിക്കാം
ഗ്രാമങ്ങളിലെയും ചെറിയ ടൗൺ പ്രദേശത്തേയും ചെറുകിട ജലശ്രോതസുകൾ സംരക്ഷിക്കാനായുള്ള കേന്ദ്ര ഫണ്ട് ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ല. എം.പി ഫണ്ടിൽ നിന്നും ഇതിലേക്കായി തുക വിനിയോഗിക്കപ്പെടാനുള്ള ഒരു നീക്കവും നടന്നിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ചെറുകിട ജലസേചന പദ്ധതികൾ നടപ്പാക്കാനായി ജലസേചന വകുപ്പിന് കുളം നവീകരിക്കാൻ പദ്ധതിയുണ്ടെങ്കിലും അവ നടപ്പാക്കാനും സംയോജിത നീക്കമില്ല.
അത്താഴമംഗലം കുളത്തിന്റെ ചരിത്രം
എട്ടുവീട്ടിൽ പിള്ളമാരെ ഭയന്ന് മാത്താണ്ഡവർമ്മ പലായനം ചെയ്തപ്പോൾ അത്താഴമംഗലത്തെ വലിയ കുളത്തിന് സമീപമുള്ള തറവാട്ടു വീട്ടിലാണ് രാത്രിയിൽ അഭയം തേടിയത്. മാർത്താണ്ഡവർമയ്ക്ക് തൂശനിലയിൽ 101 വിഭവങ്ങളുമായി വീട്ടുകാർ അത്താഴംനൽകി. അത്താഴം കഴിച്ച ശേഷം ''അത്താഴം മംഗലമായിരിക്കുന്നു'' എന്ന് അഭിനന്ദിച്ചാണ് രാജാവ് മടങ്ങിയത്. അങ്ങനെയാണ് ഈ സ്ഥലത്തിന് അത്താഴമംഗലം എന്ന പേര് ലഭിച്ചതെന്ന് പഴമക്കാർ പറയുന്നു. സ്വാതന്ത്റ്യസമര പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ച രാഘവന്റെ വീടും ഈ കുളത്തിന് സമീപമാണ്.
കണക്കനുസരിച്ച് നഗരസഭയിലുള്ളത് - 72 കുളങ്ങൾ
2018-19ൽ നവീകരിക്കാൻ തിരഞ്ഞെടുത്തത് - 14 കുളങ്ങൾ
നവീകരണത്തിനായി വകമാറ്റിയത് - 50 ലക്ഷം രൂപ
കഴിഞ്ഞ ബഡ്ജറ്റിൽ 7 കുളങ്ങൾ നവീകരിക്കാനായി മൊത്തം 70 ലക്ഷം രൂപ ചെലവിട്ടതായാണ് രേഖകളിലുള്ളത്
കൃഷി ചുരുങ്ങി
പിരായുംമൂട് ഏലായിലേക്ക് ആവശ്യമായ ജലം ഒഴുകിയെത്തിയിരുന്നത് ഈ കുളത്തിൽ നിന്നാണ്. കുളത്തിൽ ജലലഭ്യത കുറഞ്ഞതോടെ കൃഷിയും അന്യം നിന്നു.
caption
കാടും പടർപ്പുമേറി ഉപയോഗ ശൂന്യമായ അത്താഴമംഗലം ചെറിയ കുളം