malayinkil

മലയിൻകീഴ്: മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ ഗോവിന്ദമംഗലം, ബ്ലോക്കോഫീസ് വാർഡുകളിലെ ജനങ്ങൾ കുടിവെള്ളക്ഷാമം അനുഭവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു. വാർഡ് തല കുടിവെള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് പമ്പ് ഹൗസും വാട്ടർടാങ്കും നിർമ്മിച്ച് വീടുകളിലേക്ക് പൈപ്പ് കണക്ഷനുകൾ നൽകിയത്. എന്നാൽ കാലമേറെയായിട്ടും പമ്പ് പ്രവർത്തനക്ഷമമായിട്ടില്ല. വടവൂർക്കോണം കുളത്തിൽ പമ്പ് ഹൗസും പ്ലാവിളയിൽ വാട്ടർടാങ്കുമാണ് സ്ഥാപിച്ചത്. കുടിവെള്ളം നൽകുന്നതിനായി 150 വീടുകളിൽ പൈപ്പ് ലൈൻ സ്ഥാപിച്ചെങ്കിലും വെള്ളം ലഭ്യമാക്കാനുള്ള നടപടികൾ എങ്ങുമെത്തിയില്ല. മാറിമാറി വരുന്ന ഭരണ സമിതികളും​ തിരഞ്ഞെടുപ്പ് സമയത്ത് കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് വാഗ്ദാനം നൽകാറുണ്ടെങ്കിലും ഫലമുണ്ടാവാറില്ല. പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഈ പദ്ധതി നടപ്പിലാക്കിയിരുന്നെങ്കിൽ ഗോവിന്ദമംഗലം, ബ്ലോക്കോഫീസ് വാർഡുകളിലെ 300 കുടുംബങ്ങൾക്ക് വെള്ളം നൽകുന്നതോടൊപ്പം സമീപത്തെ വാർഡുകളിലുള്ളവർക്കും ഗുണമുണ്ടാകുമായിരുന്നു. പൈപ്പ് വെള്ളത്തെ ആശ്രയിക്കുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. 2007ൽ പമ്പ് ഹൗസും വാട്ടർ ടാങ്കും 25 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്ഥാപിച്ചത്. വടവൂർക്കോണത്തെ പമ്പ് ഹൗസ് പ്രവർത്തനമാരംഭിച്ചില്ലെങ്കിൽ രണ്ട് വാർഡുകളിൽ ഉൾപ്പെട്ടവർ സംയുക്തമായി സമരപരിപാടികൾക്ക് രൂപം നൽകുമെന്നാണ് നാട്ടുകാർ പറയുന്നത്.

 കുടിവെള്ളം തേടി പോകണം

ഇപ്പോൾ മറ്റ് സ്ഥലങ്ങളിലെ പൈപ്പുകളിൽ നിന്നും കിണറുകൾ ഉള്ള വീടുകളിൽ നിന്നുമാണ് ഇവിടത്തുകാർ കുടിവെള്ളം എടുക്കുന്നത്. പദ്ധതിയുടെ പ്രവർത്തനം ആരംഭിക്കണമെന്നും കുടിവെള്ളം നൽകുന്നതിന് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് 150 പേർ ഒപ്പിട്ട നിവേദനം തപസ്യ കലാവേദിയുടെ ആഭിമുഖ്യത്തിൽ മലയിൻകീഴ് യൂണിറ്റ് പ്രസിഡന്റ് സന്തോഷ്സ്ഥിതി മലയിൻകീഴ് പഞ്ചായത്ത് അധികൃതർക്ക് നൽകിയിട്ട് ഒരു വർഷം കഴിഞ്ഞു.