fahad

കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലെ നായകനായാ ഫഹദ് ഫാസിൽ കരിയർ ആരംഭിക്കുന്നത്. ആദ്യ ചിത്രം പരാജയം നേരിട്ടെങ്കിലും വർഷങ്ങൾക്ക് ശേഷം ശക്തമായൊരു തിരിച്ച് വരവാണ് ഫഹദ് നടത്തിയത്. ഇപ്പോൾ മലയാള സിനിമയിലെ മികച്ച നടന്മാരിലൊരാളാണ് ഫഹദ്. നടി നസ്രിയ നസീമിന്റെ പ്രിയതമൻ കൂടിയായ ഫഹദ് ഫാസിലിന്റെ പിറന്നാളുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ ഫോട്ടോ പങ്കുവച്ച് നസ്രിയ ആശംസകളുമായി എത്തിയിരുന്നു. നസ്രിയ മാത്രമല്ല താരങ്ങളും ആരാധകരുമെല്ലാം ആശംസ അറിയിച്ചിരുന്നു. ഒപ്പം ഫഹദിനെ കുറിച്ചുള്ള രസകരമായ വിവരങ്ങളും പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഫഹദ് ഫാസിലിന്റെയും നസ്രിയയുടെയും ഓരോ വിശേഷങ്ങളും ആരാധകർ വളരെ ആഘോഷത്തോടെയാണ് സ്വീകരിക്കുന്നത്. " ഈ മനുഷ്യൻ എന്റെ ഹൃദയം നിറഞ്ഞ് നിൽക്കുന്നു " എന്ന് അടിക്കുറിപ്പ് നൽകിയൊരു ചിത്രമായിരുന്നു നസ്രിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നത്. ഫഹദ് ഏതോ പരിപാടിയിൽ പങ്കെടുക്കവേ എടുത്ത ചിത്രമായിരുന്നു അത്. എന്നാൽ പ്രിയതമന്റെ പിറന്നാളുമായി ബന്ധപ്പെട്ട് പങ്കുവെച്ചതാണെന്ന് പിന്നീടാണ് മനസിലാവുന്നത്. നേരത്തെയും സമാനമായ രീതിയിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് നസ്രിയ എത്താറുണ്ടായിരുന്നു. 1982ൽ ജനിച്ച ഫഹദ് തന്റെ മുപ്പത്തിയെട്ടാം ജന്മദിനമാണ് ആഘോഷിച്ചത്. അതേ സമയം ഫഹദിന്റെയും നസ്രിയയുടെയും പ്രണയവും വിവാഹവുമെല്ലാം വീണ്ടും ചർച്ചയാവുകയാണ്. നസ്രിയയെക്കാളും ഫഹദിന് പത്ത് വയസിന് മുകളിൽ പ്രായം കൂടിയെന്ന പേരിൽ ഇരുവരും വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ബാംഗ്ലൂർ ഡെയിസ് സിനിമയുടെ ഷൂട്ടിംഗിനിടെയായിരുന്നു ഫഹദും നസ്രിയയും അടുത്തിടപഴകുന്നതും പരിചയത്തിലാവുന്നതും. ഷൂട്ടിംഗിനിടെ എന്നെ കണ്ടിട്ടും ഒന്ന് മൈൻഡ് പോലും ചെയ്യാത്ത പെൺകുട്ടിയായിരുന്നു നസ്രിയ എന്ന് അടുത്തിടെ ഫഹദ് പറഞ്ഞിരുന്നു. ആ സ്വഭാവം തനിക്കും പുതിയൊരു അനുഭവമായിരുന്നു. അവളുടെ ശ്രദ്ധ നേടാൻ എനിക്ക് പലതും ചെയ്യേണ്ടി വന്നു. അങ്ങനെയാണ് പ്രണയം ആരംഭിച്ചത്. സെറ്റിൽ വന്നാൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കും. പിന്നെ അവളെന്നെ നോക്കുന്നുണ്ടോന്ന് ശ്രദ്ധിക്കും. അതുകൊണ്ട് താൻ മുൻകൈ എടുത്തെങ്കിലും അവളോട് ചോദിക്കാനുള്ള ധൈര്യമില്ലെന്ന് അവൾക്ക് തന്നെ അറിയാമായിരുന്നു. അങ്ങനെ നസ്രിയയാണ് ആദ്യം പ്രൊപ്പോസ് ചെയ്യുന്നതെന്നും ഫഹദ് പറഞ്ഞിരുന്നു. വളരെ കുറച്ച് കാലത്തെ പ്രണയത്തിനെടുവിൽ 2014 ആഗസ്റ്റ് 21 ന് വലിയ ആഘോഷത്തോടെയാണ് നസ്രിയയും ഫഹദും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞത്തോടെ സിനിമയിൽ ചെറിയൊരു ഇടവേള എടുത്ത് മാറി നിന്ന നസ്രിയ സിനിമയിലേക്ക് തിരിച്ച് വന്നിരുന്നു. ഈ വർഷം റിലീസിനെത്തിയ ട്രാൻസ് എന്ന സിനിമയിൽ നായിക, നായകന്മാരായി ഇരുവരും അഭിനയിച്ചിരുന്നു. കൊവിഡ് പ്രതിസന്ധി കാരണം വീട്ടിൽ കഴിയുകയാണെങ്കിലും വീണ്ടും സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് താരങ്ങൾ.