രോഗചികിത്സയ്ക്കെന്ന പോലെ ആയുർവേദം പ്രാധാന്യം നൽകുന്ന ഒരു മേഖലയാണ് ആരോഗ്യസംരക്ഷണം. ആരോഗ്യ സംരക്ഷണത്തിന് നല്ല ഭക്ഷണവും നല്ല ശീലങ്ങളും ആവശ്യമാണ്. അത്തരം കാര്യങ്ങൾ എല്ലാവർക്കും അറിയാവുന്നതാണെങ്കിലും അനുസരിക്കാറില്ല എന്നതാണ് സത്യം.
എപ്പോൾ ഉണരണം?
ആരോഗ്യമുള്ളവരും ആരോഗ്യം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരും രാവിലെ 5 മണിക്ക് മുമ്പ് ഉറക്കമുണർന്ന് എഴുന്നേൽക്കണം.
വിദ്യാർത്ഥികൾക്ക് നന്നായി പഠിക്കാൻ രാവിലെയുള്ള സമയം കൂടുതൽ നല്ലതാണ്. ശ്രദ്ധയോടെ എഴുതാനുള്ളത് എഴുതിയും, നോട്ടുകുറിച്ച് ആവർത്തിച്ച് പഠിക്കാനുള്ളത് അപ്രകാരം ചെയ്തും, ഓർമ്മിക്കാൻ എളുപ്പമാകും വിധം മറ്റ് സംഭവങ്ങളുമായി ബന്ധിപ്പിച്ചും, ഇടയ്ക്കിടെ മുമ്പ് പഠിച്ച് വച്ചതാണെങ്കിലും ആവർത്തിച്ച് പഠിച്ചും, കൃത്യമായ ടൈംടേബിൾ ഉണ്ടാക്കിയും പരീക്ഷകൾക്ക് പ്രാധാന്യം നൽകിയും പഠിക്കണം.
പ്രഭാത കൃത്യങ്ങൾ
എഴുന്നേറ്റയുടൻ വായ കഴുകുക, എല്ലാ ദിവസവും ഒന്നോ രണ്ടോ തവണ മലശോധന ലഭിക്കുന്നതാണ് നല്ലത്. മലശോധനയ്ക്ക് കൃത്യമായൊരു സമയം വേണമെന്നില്ല. അങ്ങനെ ശീലിക്കാമെങ്കിൽ അതും നല്ലത് എന്ന് മാത്രം. നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നതും ആവശ്യത്തിന് വെള്ളം കുടിക്കുന്നതും കൃത്രിമ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതും മലശോധന ഉണ്ടാകാൻ നല്ലതാണ്.
പരമാവധി രണ്ട് മിനിട്ട് കൊണ്ട് പല്ല് തേയ്ക്കുക. സോഫ്‌റ്റ് ബ്രഷ് ഉപയോഗിക്കുന്നതാണ് നല്ലത്. ആഹാരം കഴിക്കുന്നതിന് അര മണിക്കൂർ മുമ്പ് പല്ല് തേയ്ക്കണം. രാത്രിയിൽ ഭക്ഷണം കഴിച്ച് അരമണിക്കൂറിന് ശേഷമാണ് പല്ലുകൾ തേയ്ക്കേണ്ടത്. ഭക്ഷണം കഴിച്ച ശേഷം നാവ് വടിക്കാൻ ശ്രമിക്കരുത്. ശരിയായി പല്ല് തേയ്ച്ചാൽ തന്നെ വിശപ്പ് തുടങ്ങും.
അത് കഴിഞ്ഞാൽ ശുദ്ധജലമോ ചൂടാറ്റിയ വെള്ളമോ കുടിക്കാം. ചൂട് ചായ, ബിസ്കറ്റ് തുടങ്ങിയവ വെറും വയറ്റിൽ വേണ്ടെന്ന് വയ്ക്കുക.
10 മിനിട്ട് കൊണ്ട് ഒരു കിലോമീറ്റർ എന്ന രീതിയിൽ 30 മിനിട്ട് കൊണ്ട് 3 കിലോമീറ്റർ ദൂരം കൈയൊക്കെ വീശി അല്പം വേഗത്തിലും എന്നാൽ നിയന്ത്രണത്തിലും നടക്കുന്നത് നല്ലതാണ്. എന്നാൽ കൊവിഡിന്റെ സാഹചര്യത്തിൽ ഇത് ഇപ്പോൾ സാദ്ധ്യമുള്ള കാര്യമല്ല. അതിനാൽ വീട്ടിനകത്തോ മുറ്റത്തോ വ്യായാമം ചെയ്യുകയോ വ്യായാമം ലഭിക്കുന്ന മറ്റുജോലികളിൽ ഏർപ്പെടുകയോ ചെയ്യുക. മനസിന് സന്തോഷം കൂടി നൽകുന്ന കൃഷിപ്പണികളും നല്ലതാണ്.
മറ്റ് ആഹാരങ്ങൾ കഴിക്കുന്നതിന് മുമ്പ് തന്നെ കുളിക്കണം.
ചൂടുവെള്ളം തലയിലൊഴിച്ച് കുളിക്കുന്നത് നല്ലതല്ല. ക്ഷീണമുള്ളപ്പോൾ മാത്രം ഇളം ചൂടുവെള്ളം ദേഹത്തൊഴിച്ച് കുളിക്കാം. അപ്പോൾ ചൂടാക്കിയതാണെങ്കിലും വീണ്ടും തണുപ്പിച്ച വെള്ളം മാത്രമേ തലയിലൊഴിക്കാൻ പാടുള്ളൂ.
സോപ്പ് തേയ്ക്കുന്നതിനെക്കാൾ പ്രാധാന്യം തേച്ച സോപ്പ് കഴുകി കളയുന്നതിന് നൽകണം. സോപ്പ് കൈയിൽ വച്ച് പതച്ച്, പത മാത്രം ദേഹത്ത് തേയ്ക്കുന്നതാണ് കൂടുതൽ നല്ലത്.
ഭക്ഷണം
കുളി കഴിഞ്ഞ് മാത്രം ഭക്ഷണം. ചായ കുടിച്ചേതീരൂ എങ്കിൽ ഭക്ഷണ ശേഷം ചായ. അതും ചൂട് കുറച്ച്. സസ്യാഹാരത്തിനും പഴവർഗങ്ങൾക്കും പ്രാധാന്യം നൽകണം.
പല ഭക്ഷണത്തിലും അമിതമായി വിഷം ചേർക്കുന്നു എന്ന പ്രചരണത്തിന്റെ ഫലമായി കേരളീയർ പച്ചക്കറിയുടെയും പഴവർഗങ്ങളുടെ ഉപയോഗം കുറച്ചിട്ടുണ്ട്. കിട്ടുന്നതെല്ലാം മാരക വിഷം ചേർത്തതാണെന്ന് പേടിയുള്ളവർ സ്വന്തമായി അല്പം കൃഷി ചെയ്യുന്നതല്ലേ നല്ലത്? കീടനാശിനി എന്നല്ല എന്തിന്റെ പേരിലായാലും പഴം, പച്ചക്കറികളുടെ അളവ് കുറയ്ക്കരുത്. എന്നാൽ പരമാവധി തൃപ്തികരമായ രീതിയിൽ ഹാനികരമല്ലാത്തവ കഴിക്കാൻ പരിശ്രമിക്കുന്നത് നല്ലതു തന്നെ.
പൊതുവെ പറഞ്ഞാൽ നിറവും മണവും രുചിയും പ്രത്യേത ആകൃതിയും ഉള്ളത് മാത്രമായി ഭക്ഷണം മാറിയിട്ടുണ്ട്. അത് ശരീരത്തിൽ എന്ത് പ്രയോജനം ചെയ്യും അല്ലെങ്കിൽ ദോഷത്തെ ചെയ്യുമെന്ന് പലരും ശ്രദ്ധിക്കാതെയായി.
രാത്രി ഭക്ഷണം കുറച്ചുമതി. എളുപ്പം ദഹിക്കുന്നവ തന്നെ വേണം.
രാത്രിയിലെ ഭക്ഷണം കഴിച്ച് ഒന്നര മണിക്കൂർ കഴിഞ്ഞ് ഏകദേശം പത്തുമണിയോടെ ഉറങ്ങാൻ കിടക്കണം.
ഉറങ്ങുന്നതിന് തൊട്ടുമുമ്പുള്ള ഭക്ഷണം, മൊബൈൽ, ടിവി കാണൽ, ടെൻഷൻ ഉണ്ടാക്കുന്ന കാര്യങ്ങൾ ആലോചിക്കൽ, വഴക്കുണ്ടാക്കൽ തുടങ്ങിയവ ഉറക്കത്തെ ബാധിക്കും.
ഒഴിവാക്കേണ്ടത്
പാകം ചെയ്യുന്നതിനും വെള്ളം തിളപ്പിച്ചു കുടിക്കുന്നതിനും ഗുണമേന്മ കുറഞ്ഞ അലൂമിനിയും പാത്രങ്ങൾ ഒഴിവാക്കണം.
. വാട്ടർ ബോട്ടിൽ, ടിഫിൻ ബോക്സ് തുടങ്ങിയവ ഹൈ ഗ്രേഡ് പ്ളാസ്റ്റിക് അല്ലാത്തവ ഒഴിവാക്കുക. വാക്സ് - കോട്ടിംഗുള്ള കപ്പ്, പാത്രം, പേപ്പറുകൾ ഒഴിവാക്കുക.
. മത്സ്യമോ, മാംസമോ, അച്ചാറോ, തൈരോ സ്ഥിരമായി ഉപയോഗിക്കരുത്.
. സന്ധ്യാസമയത്ത് ഭക്ഷണമോ കുളിയോ പാടില്ല.
സ്‌പ്രേ, മറ്റ് സൗന്ദര്യവർദ്ധക വസ്തുക്കൾ ഇവയുടെ ഉപയോഗം പ്രത്യേകിച്ച് കുട്ടികൾ ഒഴിവാക്കണം.
. സ്വയം ചികിത്സ പാടില്ല.
. കോള, എനർജി ഡ്രിങ്കുകളുടെ ഉപയോഗം നല്ലതല്ല.
ഒരു സ്ട്രാ ഉപയോഗിച്ചല്ലാതെ പുളിയുള്ള ജ്യൂസുകൾ കുടിക്കരുത്.
. കൂടുതൽ തണുത്തവയും നല്ല ചൂടോടെയുള്ളതും ഉപയോഗിക്കരുത്.
. ശരിയായ രോഗനിർണയം നടത്താതെ ഉടൻ അസുഖം മാറണം എന്ന രീതിയിൽ ഡോക്ടറെ നിർബന്ധിക്കരുത്.
. ശരിയായ അറിവുള്ളവരിൽ നിന്നല്ലാതെ ചികിത്സ സ്വീകരിക്കരുത്.
ശീലിക്കേണ്ടത്
. നെല്ലിക്ക തുടങ്ങിയവ ഏതുവിധേനയും ഉപയോഗിക്കണം.
വിരക്കുള്ള മരുന്നുകൾ ആവശ്യമെങ്കിൽ കഴിക്കണം.
നഖവും മുടിയും കൃത്യമായ ഇടവേളകളിൽ സൂക്ഷ്മതയോടെ മുറിക്കണം.
മോരും മോരുകറിയും ശീലിക്കണം.
. പാവയ്ക്ക, പടവലങ്ങ, കോവയ്ക്ക, വാഴപ്പിണ്ടി, വാഴക്കൂമ്പ്, കുമ്പളങ്ങ, വെള്ളരിക്ക തുടങ്ങിയവ ആഹാരത്തിൽ ഉൾപ്പെടുത്തണം.
. പോഷണം കുറഞ്ഞവർക്ക് മട്ടൺ, ബീഫ്, ഏത്തപ്പഴം, ഉഴുന്ന്, പായസം, കിഴങ്ങുവർഗങ്ങൾ എന്നിവയാകാം.
. പോഷണം കൂടുതലുള്ളവർ കിഴങ്ങ് വർഗങ്ങൾ, തണുപ്പിച്ചവ, ഉഴുന്ന്, പകലുറക്കം, അധികമായ മധുരം, മാംസം ഇവ ഒഴിവാക്കുക.
എന്തെങ്കിലും ആരോഗ്യപ്രശ്നമുള്ളപ്പോൾ തുടക്കത്തിൽ തന്നെ വൈദ്യോപദേശം തേടണം.
. വീര്യം കുറഞ്ഞ മരുന്നുകൾക്ക് തന്നെ പ്രാധാന്യം നൽകണം.
. ഭക്ഷണവും ജീവിതശൈലിയും മെച്ചപ്പെടുത്തണം.