മൂന്നാർ രാജമലയിലെ പെട്ടിമുടിയിലുണ്ടായ വൻ ഉരുൾപൊട്ടലിൽ എൺപതോളം പേർ ജീവനോടെ മണ്ണിനടിയിലായ ദുരന്ത വാർത്ത കേട്ടുകൊണ്ടാണ് വെള്ളിയാഴ്ച കേരളം ഉണർന്നത്. അവിടെ രക്ഷാപ്രവർത്തനങ്ങൾ പ്രതികൂല കാലാവസ്ഥ കാരണം വൈകിട്ട് നിറുത്തിവയ്ക്കേണ്ടിവന്ന അതീവ ദുഃഖകരമായ സാഹചര്യം മനുഷ്യമനസുകളെ ചുട്ടുനീറ്റുന്നതിനിടയിലാണ് രാത്രിയോടെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഞെട്ടലുളവാക്കുന്ന മറ്റൊരു ദുരന്തവാർത്ത എത്തുന്നത്. ദുബായിൽ നിന്ന് കോഴിക്കോട്ടേയ്ക്കുള്ള എയർ ഇന്ത്യാ എക്സ്‌പ്രസ് വിമാനം ഇറങ്ങുന്നതിനിടയിൽ നിയന്ത്രണം തെറ്റി റൺവേ വിട്ടിറങ്ങി നാല്പതോളം അടി താഴ്ചയിലേക്കു പതിച്ച് രണ്ടായി പൊട്ടിമാറുകയായിരുന്നു. രണ്ടു പൈലറ്റുമാരടക്കം 18 പേർ അപകടം നടന്ന് ആദ്യ മണിക്കൂറിൽത്തന്നെ മരണമടഞ്ഞിരുന്നു. 'വന്ദേഭാരത്" ദൗത്യമനുസരിച്ച് ദുബായിൽ നിന്ന് 191 പേരുമായി തിരിച്ച വിമാനം അപകടത്തിൽ പെട്ടതിനു കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത് പെരുമഴയാണ്. ഇത്തരം പ്രതികൂല സാഹചര്യങ്ങളിൽ വിമാനം ഇറക്കുമ്പോൾ കരിപ്പൂർ വിമാനത്താവളത്തിലേതു പോലുള്ള 'ടേബിൾ ടോപ്പ്" റൺവേ അത്യധികം അപകട സാദ്ധ്യതയുള്ളതാണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഒന്നിലധികം തവണ ശ്രമിച്ച ശേഷമാണ് പൈലറ്റ് വിമാനം ഇറക്കിയതെന്നും പറയുന്നുണ്ട്. എന്നാൽ വിചാരിച്ചതുപോലെ വിമാനം നിയന്ത്രിക്കുന്നതിൽ പിഴവു സംഭവിച്ചുകാണുമെന്നാണ് ഊഹിക്കേണ്ടത്. റൺവേയിലൂടെ നല്ല വേഗത്തിൽ വന്ന വിമാനം റൺവേയും കടന്ന് ചെങ്കുത്തായ ഭാഗത്തേക്ക് മൂക്കും കുത്തി വീഴുകയായിരുന്നു. കൊവിഡ് മഹാമാരി സൃഷ്ടിച്ച ഭീതിക്കും അങ്കലാപ്പിനുമിടയിൽ ദുബായിൽ നിന്നു എങ്ങനെയെങ്കിലും നാട്ടിലെത്താനുള്ള മോഹവുമായി വിമാനം കയറിയവർക്ക് ഇത്തരത്തിലൊരു നിർഭാഗ്യം നേരിടേണ്ടിവന്നത് വളരെ ദുഃഖകരമാണ്. മലപ്പുറത്തെയും
കോഴിക്കോട്ടെയും വിവിധ ആശുപത്രികളിലായി പ്രവേശിപ്പിക്കപ്പെട്ട വിമാനയാത്രക്കാരിൽ കുറെപ്പേർക്ക് ഗുരുതര പരിക്കാണുള്ളത്. ആശുപത്രികളിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നു പ്രാർത്ഥിക്കാം.
കരിപ്പൂരിലെന്നതുപോലെ മൂന്നാറിലെ രാജമലയിലും നാശം വിതച്ചത് തോരാമഴയും തുടർന്നുണ്ടായ അതിഭയാനകമായ ഉരുൾപൊട്ടലുമാണ്. കണ്ണൻദേവൻ കമ്പനിയുടെ തേയിലത്തോട്ടങ്ങളിൽ പണിയെടുക്കുന്ന പാവപ്പെട്ട തൊഴിലാളികൾ അന്തിയുറങ്ങുന്ന നാലു തകരഷെഡ്ഡുകളുടെ മുകളിലേക്ക് ഉരുൾപൊട്ടിയുണ്ടായ കൂറ്റൻ പാറകളും മണ്ണും ചെളിയുമെല്ലാം സംഹാര ശക്തിയോടെ വ്യാഴാഴ്ച അർദ്ധരാത്രിയിൽ വന്നു പതിച്ചപ്പോൾ അവയിലുണ്ടായിരുന്ന എൺപതിലധികം പേർ ഉറക്കത്തിലായിരുന്നു. ഒന്നു വാവിട്ടു കരയാൻ പോലുമാകാതെയാകണം ഒരൊറ്റ നിമിഷം കൊണ്ട് അവരെല്ലാം അവശിഷ്ടങ്ങൾക്കടിയിലായിട്ടുള്ളത്. ജീവനോടെ ആരും ഇനി ശേഷിച്ചിരിക്കാൻ സാദ്ധ്യത ഇല്ലാത്തതിനാൽ മണ്ണിനടിയിലായിപ്പോയവരുടെ ജഡങ്ങൾ വീണ്ടെടുക്കാനുള്ള കഠിന പരിശ്രമമാണ് ശനിയാഴ്ചയും തുടർന്നത്. ഇടയ്ക്കിടെയുണ്ടാകുന്ന കഠിന മഴയും കോടമഞ്ഞും ഉപകരണങ്ങളുടെ കുറവുമൊക്കെ രക്ഷാപ്രവർത്തനം അതീവ ദുഷ്‌കരമാക്കുന്നു. ഇടുങ്ങിയ റോഡും മഴപ്പാച്ചിലിൽ ഒഴുകിപ്പോയ പാലങ്ങളും രക്ഷാപ്രവർത്തനങ്ങൾക്കു വിഘാതം സൃഷ്ടിച്ചിരുന്നു. ഇതൊക്കെ സഹിച്ചുകൊണ്ടാണ് രക്ഷാപ്രവർത്തനങ്ങളിൽ ഭടന്മാർക്കൊപ്പം സന്നദ്ധസേവകരും കൈമെയ് മറന്ന് പങ്കെടുക്കുന്നത്. എത്ര വാഴ്‌ത്തിയാലും മതിയാകില്ല ഈ മനുഷ്യരുടെ അപൂർവ ത്യാഗത്തെ.
ദുരന്തങ്ങളെ ആർക്കും തന്നെ തടഞ്ഞുനിറുത്താനാകില്ലെന്നത് കേവല സത്യമാണ്. എന്നാൽ അതിന്റെ ആഘാതം കുറയ്ക്കാൻ മനുഷ്യർക്കാവും.രാജമലയിൽ ലയം എന്ന പേരിലുള്ള തകരഷെഡ്ഡുകൾക്കുള്ളിൽ പാർക്കുന്നത് മനുഷ്യജീവികളാണെന്ന ബോധം ആർക്കെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ കാലാവസ്ഥാ മുന്നറിയിപ്പുകളുടെ വെളിച്ചത്തിൽ ആവശ്യമായ സുരക്ഷ ഒരുക്കാൻ തോട്ടം മാനേജ്‌മെന്റോ അവരെ നിർബന്ധിക്കാൻ സർക്കാർ സംവിധാനങ്ങളോ ശ്രമിക്കേണ്ടതായിരുന്നു. മൂന്നാർ ഉൾപ്പെടുന്ന പ്രദേശങ്ങൾ തുടർച്ചയായി റെഡ് അലർട്ടിനു കീഴിലായിട്ടും ഒരുവിധ രക്ഷാസന്നാഹങ്ങളും അവിടെയെങ്ങും ഉണ്ടായിരുന്നില്ല. ഉരുൾപൊട്ടലിനും മലയിടിച്ചിലിനും ഏറെ സാദ്ധ്യതയുള്ള പ്രദേശങ്ങളാണിതൊക്കെ. എല്ലാ വർഷകാലത്തും നിരവധി ഉരുൾപൊട്ടലുകൾ ഇവിടങ്ങളിൽ സംഭവിച്ചിട്ടുമുണ്ട്. കഴിഞ്ഞ രണ്ടുവർഷങ്ങളിൽ സംസ്ഥാനം നേരിടേണ്ടിവന്ന അതിഭീകരമായ പ്രകൃതിക്ഷോഭങ്ങളിൽ നിന്ന് ഒരു പാഠവും പഠിച്ചില്ലെന്നുകൂടി തെളിയിക്കുന്നതാണ് രാജമലയിലെ ദാരുണ സംഭവം. ദുരന്തമുണ്ടാകുമ്പോൾ ഓടിപ്പാഞ്ഞെത്തി മുതലക്കണ്ണീരൊഴുക്കുന്നതും തലയെണ്ണി സഹായം പ്രഖ്യാപിക്കുന്നതിലും ഒതുങ്ങരുത് ദുരന്ത നിവാരണ നടപടികൾ. അനുദിനം ദുർബലമായിക്കൊണ്ടിരിക്കുന്ന മലനിരകളുടെ സംരക്ഷണത്തിനും ഏറ്റവും അപകടകരമായ മേഖലകളിൽ നിന്ന് കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റിപ്പാർപ്പിക്കുന്നതിനും ഇനിയും നടപടി എടുക്കുന്നില്ലെങ്കിൽ ഇതിനെക്കാൾ പേടിപ്പെടുത്തുന്ന ദുരന്തങ്ങൾ ഇനിയും കാണേണ്ടിവരും.
രാജമലയിലേത് പൂർണമായും പ്രകൃതി ദുരന്തമായി കരുതാമെങ്കിലും കരിപ്പൂരിൽ സംഭവിച്ച വിമാനാപകടത്തിനു പിന്നിൽ ഒന്നിലധികം സുരക്ഷാ പിഴവുകൾ കാണാവുന്നതാണ്. പത്തു വർഷം മുൻപ് മംഗലാപുരം വിമാനത്താവളത്തിൽ ഇതുപോലൊരു സാഹചര്യത്തിലാണ് എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം റൺവേയിൽ ദിശ തെറ്റി സിഗ്നൽ പോസ്റ്റിലിടിച്ച് താഴ്ചയിലേക്കു വീണ് കത്തിയമർന്നത്. 158 പേരാണ് ഈ അപകടത്തിൽ മരിച്ചത്. സാധാരണ ഭൂതലത്തിൽ നിന്ന് ഉയർത്തി നിർമ്മിക്കുന്ന ഇതുപോലുള്ള വിമാനത്താവളങ്ങളിൽ കാലാവസ്ഥ പ്രതികൂലമാണെങ്കിൽ വിമാനമിറക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. കരിപ്പൂരിൽ ഇറങ്ങിയ വിമാനത്തിന്റെ പൈലറ്റ് ഏറെ പരിചയസമ്പന്നനും അതിവിദഗ്ദ്ധനുമായിട്ടും അപകടമുണ്ടായത് റൺവേയുടെ പ്രത്യേക സ്വഭാവം കൊണ്ടാകാമെന്നാണ് നിഗമനം. ഇതുപോലെ കാലാവസ്ഥ ഏറെ പ്രതികൂലമാകുമ്പോൾ തൊട്ടടുത്തുള്ള വിമാനത്താവളത്തിലേക്കു തിരിച്ചുവിടാറാണു പതിവ്. കണ്ണൂർ തൊട്ടടുത്തുണ്ടായിട്ടും അതിനു ശ്രമിക്കാതെ കരിപ്പൂരിൽത്തന്നെ ഇറക്കിയതാണ് കണക്കുകൂട്ടൽ തെറ്റിച്ചത്. വളരെ വലിയ വിമാനാപകടങ്ങൾ ഉണ്ടാകാത്ത സംസ്ഥാനത്ത് ഇത്തരമൊരു സ്ഥിതിവിശേഷം നേരിടുന്നതിൽ അവശ്യം ഉണ്ടായിരിക്കേണ്ട തയ്യാറെടുപ്പുകളുടെ അഭാവം കരിപ്പൂരിൽ ഏറെ പ്രകടമായിരുന്നു. പൊതുനിരത്തിൽ വാഹനാപകടം ഉണ്ടാകുമ്പോൾ ഓടിക്കൂടുന്നതുപോലെ വിമാനം രണ്ടായി മുറിഞ്ഞ് താഴ്ചയിലേക്കു പതിക്കുന്നതു കണ്ട് ഓടിയെത്തിയ സമീപവാസികളും അവർ അറിയിച്ച പ്രകാരം മിനിട്ടുകൾക്കകം പാഞ്ഞെത്തിയ മറ്റു നാട്ടുകാരുമാണ് രക്ഷാപ്രവർത്തനങ്ങളിൽ മുൻനിരയിൽ നിന്നത്. കോരിച്ചൊരിയുന്ന മഴയും കൊവിഡ് ഭീഷണിയും തകർന്ന വിമാനത്തിൽ നിന്നുണ്ടാകാവുന്ന അപകടവുമൊന്നും വകവയ്ക്കാതെ യാത്രക്കാരെ പുറത്തെടുക്കുന്നതിലും ലഭ്യമായ വാഹനങ്ങളിൽ കയറ്റി ആശുപത്രികളിലെത്തിക്കുന്നതിലും യുവജനങ്ങൾ ചെയ്ത സേവനം വിലമതിക്കാനാവാത്തതാണ്. പ്രശംസനീയമായ ഇവരുടെ സഹായം ഇല്ലായിരുന്നുവെങ്കിൽ പലർക്കും വൈദ്യസഹായം ലഭിക്കാൻ ഏറെ വൈകുമായിരുന്നു. നമ്മുടെ വിമാനത്താവളങ്ങൾ കൂടുതൽ സുരക്ഷിതമാകേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തുന്നതാണ് കരിപ്പൂരിൽ വെള്ളിയാഴ്ച ഉണ്ടായ അപകടം.
..................................................................................................................................................................................................................................................
കോരിച്ചൊരിയുന്ന മഴയും കൊവിഡ് ഭീഷണിയും തകർന്ന വിമാനത്തിൽ നിന്നുണ്ടാകാവുന്ന അപകടവുമൊന്നും വകവയ്ക്കാതെ യാത്രക്കാരെ പുറത്തെടുക്കുന്നതിലും ആശുപത്രികളിലെത്തിക്കുന്നതിലും യുവജനങ്ങൾ ചെയ്ത സേവനം വിലമതിക്കാനാവാത്തതാണ്.