g

തിരുവനന്തപുരം: മൂന്നാർ രാജമലയിലെ ദുരന്ത വാർത്തയറിഞ്ഞപ്പോൾ കൂലിപ്പണിക്കാരൻ വിജയദാസിന്റെ ഉള്ളൊന്ന് ആളി. 70 കിലോമീറ്റർ താഴെ ഇങ്ങ് ചെറുതോണിയിലും മഴ തിമിർക്കുകയാണ്. പുഴയിൽ ജലനിരപ്പുയരുകയാണ്. വൈദ്യുതി ബന്ധവും മുറിഞ്ഞു. മകൻ തക്കുടുവിനെയും ഭാര്യ മഞ്ജുവിനെയും ചേർത്തു പിടിച്ച് വെള്ളിയാഴ്ച ഉറങ്ങാതിരുന്നു. ഒരു പ്രളയം കൂടി താങ്ങാനുള്ള കരുത്തില്ല. അത്രയ്ക്ക് അനുഭവിച്ചതാണ്.

തക്കുടു, മലയാള നാടിനെ മുക്കിയ മഹാപ്രളയത്തെ ഓർക്കുമ്പോൾ ആദ്യം തെളിയുന്നൊരു ചിത്രം. ദുരന്ത നിവാരണസേനാ ഉദ്യോഗസ്ഥൻ കുഞ്ഞിനെയും മാറോടണച്ച്, കുത്തൊഴുക്കിൽ മുക്കിക്കൊണ്ടിരിക്കുന്ന ചെറുതോണി പാലത്തിലൂടെ ഓടുന്ന ദൃശ്യം. സൂരജ് എന്നാണ് അവന്റെ ശരിക്കുള്ള പേര്. മൂന്നു വയസ് തികയും മുമ്പായിരുന്നു പ്രളയം.

2018ലെ ഉരുൾപൊട്ടലിൽ വീട് ഒഴുകിപ്പോയതോടെ, കുടുംബ വീട്ടിലാണ് വിജയദാസിന്റെ താമസം. തക്കുടുവിന്റെ അമ്മ പൂർണ ഗർഭിണിയാണ്. വിജയദാസിന് ആധി കൂടാതിരിക്കുന്നതെങ്ങനെ. ഈ അവസ്ഥയിൽ 2018ലെ ആഗസ്റ്റ് 10 ആവർത്തിച്ചാൽ...

ആ ദിനം ഓർക്കുമ്പോൾ

2018 ആഗസ്റ്റ് 8ന് ചെറുതോണി പുഴയുടെ തീരത്തെ താമസക്കാരെ മാറ്റിയപ്പോൾ വിജയദാസും കുടുംബവും കുറച്ചുകൂടി കെട്ടുറപ്പുള്ള കുടുംബ വീട്ടിലേക്ക് പോയി. 10-ാം തീയതി. കുഞ്ഞിന് കടുത്തപനിയും ഛർദ്ദിയും. ആശുപത്രിയിൽ കൊണ്ടുപോകണം. ഇടുക്കി ഡാമിന്റെ അഞ്ച് ഷട്ടറും തുറന്നതിനാൽ ചെറുതോണിപ്പാലം എപ്പോൾ വേണമെങ്കിലും തകരാവുന്ന അവസ്ഥ. എങ്ങനെ മറുകരയെത്തും. വിവരം കളക്ടറെ അറിയിച്ചു. ദുരന്തനിവാരണ സേനാംഗം ബീഹാർ സ്വദേശി കനയ്യകുമാർ മിനിട്ടുകൾക്കകമെത്തി. കുഞ്ഞിനെ വാരിയെടുക്ക് പാലത്തിലൂടെ ഒരോട്ടം. പിന്നലെ വിജയദാസും. കുഞ്ഞിനെ ഇക്കരെ എത്തിച്ച് നിമിഷങ്ങൾക്കുള്ളിൽ അപ്രോച്ച് റോഡ് ഒലിച്ചു പോയി.

സർക്കാർ കൈവിട്ടു;

കിട്ടിയത് 5000 രൂപ

കിടപ്പാടം നഷ്ടപ്പെട്ടിട്ടും സർക്കാരിൽ നിന്നു ലഭിച്ചത് അയ്യായിരം രൂപ മാത്രമാണെന്ന് വിജയദാസ് പറഞ്ഞു. അപേക്ഷകൾ പലതു നൽകിയിട്ടും ഫലമുണ്ടായില്ല. വീടിരുന്ന സ്ഥലം അപകടസാദ്ധ്യതാ പ്രദേശമായതിനാൽ അവിടെ പുതിയതു വയ്ക്കുന്നതിന് അധികൃതർ എതിർപ്പറിയിച്ചു. പകരം ആനുകൂല്യങ്ങളൊന്നും നൽകിയതുമില്ല.