hypertension

തിരുവനന്തപുരം: കൊവിഡ് വ്യപനം രൂക്ഷമായതോടെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ക്ലിനിക്കുകളുടെ പ്രവർത്തനവും പ്രതിസന്ധിയിലായി. പൊതു ജനങ്ങളിൽ നിന്ന് സഹായം സ്വീകരിച്ചു പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലുള്ള പാലിയേറ്റീവ് സെന്ററുകളാണ് പണമില്ലാതെ ബുദ്ധിമുട്ടിലായിരിക്കുന്നത്. പല സെന്ററുകളും പ്രവർത്തനം താത്കാലികമായി അവസാനിപ്പിച്ചു. വ്യക്തികൾ നൽകുന്ന സംഭാവനയ്ക്ക് പുറമേ വ്യാപാര സ്ഥാപനങ്ങളിൽ സ്ഥാപിച്ച പെട്ടികളിലൂടെയും ഉത്സവ സ്ഥലങ്ങളിൽ നിന്ന് ലഭിക്കുന്ന സഹായങ്ങളുമായിരുന്നു ഇവയെ മുന്നോട്ടു നയിച്ചിരുന്നത്. എന്നാൽ ലോക്ക് ഡൗൺ വന്നതോടെ ഈ വഴികളൊക്കെ അടഞ്ഞതിനാൽ പാലിയേറ്റീവ് കെയർ മേഖലയും പ്രതിസന്ധിയിലായി.

ഇന്ത്യൻ അസോസിയേഷൻ ഫോർ പാലിയേറ്റീവ് കെയറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 37ഓളം പാലിയേറ്റീവ് സെന്ററുകളാണ് ജില്ലയിലുള്ളത്. നഴ്‌സ്, ഡ്രൈവർ, കരാറടിസ്ഥാനത്തിൽ ഒരു ഡോക്ടർ എന്നിവരടങ്ങുന്ന സംഘമാണ് വാഹനത്തിൽ രോഗികളുടെ വീട്ടിലെത്തി പരിചരണം നൽകുന്നത്. വരുമാനം കുറഞ്ഞതോടെ ഇവർക്ക് വേതനം നൽകാൻ മറ്റ് വഴികൾ അന്വേഷിക്കേണ്ടതായി വരുന്നു. ജീവനക്കാരുടെ ശമ്പളം,മരുന്ന് വിതരണം,ഇന്ധനമുൾപ്പെടെ വലിയ തുകയാണ് ഒാരോ മാസവും വേണ്ടിവരുന്നത്. 'സംഭാവന കുറഞ്ഞതോടെ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെങ്കിലും വീടുകളിലെത്തി ചികിത്സ മുടക്കാറില്ലെന്ന് പാലിയം ഇന്ത്യ സി.ഇ.ഒ ജി.എസ് മനോജ് പറഞ്ഞു. പലയിടത്തും സ്ഥാപനങ്ങൾ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. സർക്കാരും വ്യക്തികളും സഹായിച്ചാൽ ഒരു പരിധിവരെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.