1

പൂവാർ: കരുംകുളം പുല്ലുവിളയിൽ ഡെപ്യൂട്ടി കളക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ പ്രദേശവാസികളായവരെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച്, ചിലർ ലിയോ തേർട്ടീൻത്ത് ഹയർ സെക്കൻറി സ്കൂളിൽ പ്രവർത്തിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് ഇരച്ചുകയറിയത് സംഘർഷത്തിനിടയാക്കി. ജംഗ്ഷനിലും പള്ളിക്ക് മുന്നിലും തടച്ചു കൂടിയ ജനം കൂട്ട മണിമുഴക്കിയത് ഭീതി പരത്തി. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി കടകൾ അടപ്പിച്ച പൊലീസ് നടപടിയിൽ തീരദേശവാസികൾ പ്രതിഷേധിച്ചിരുന്നു. ഇതേക്കുറിച്ച് സംസാരിച്ച് തീരുമാനമെടുക്കുന്നതിനാണ് ഡെപ്യൂട്ടി കളക്ടർ പുല്ലുവിളയിൽ എത്തിയത്. തീരദേശ മേഖലയിൽ നിലനിൽക്കുന്ന ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോൺ പിൻവലിക്കുക, മത്സ്യബന്ധനത്തിനും വിപണനത്തിനും അനുവദിക്കുക,കടകളും ബാങ്കുകളും കൂടുതൽ സമയം പ്രവർത്തിക്കാൻ അനുവദിക്കുക,പുല്ലുവിള ലിയോ തേർട്ടീൻത്ത് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ അവിടെ നിന്നു മാറ്റുക, നീണ്ടകര, ചാവക്കാട്, ശക്തികുളങ്ങര തുടങ്ങിയ തുറമുഖങ്ങളിൽ ഇരിക്കുന്ന വള്ളങ്ങൾ ഇങ്ങോട്ടു കൊണ്ടുവരുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുക, സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുക, മത്സ്യമേഖലയെ മോശമായി ചിത്രീകരിക്കുന്ന വാർത്തകൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. നാളെ മുതൽ മത്സ്യബന്ധനമാകാമെന്നും 16 മുതൽ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോൺ ഒഴിവാക്കുമെന്നും ഉൾപ്പെടെ മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ട എല്ലാ ആവശ്യങ്ങളും യോഗത്തിൽ അംഗീകരിച്ചു. തുടർന്ന് പള്ളി വികാരി തീരുമാനങ്ങൾ മൈക്കിലൂടെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.