വക്കം: യാത്രയ്‌ക്കിടെ സ്വകാര്യ ബസിന്റെ ഇന്ധന ടാങ്കിന്റെ പൈപ്പിന് തീപിടിച്ചു. നാട്ടുകാരുടെ സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. മണനാക്ക് ജംഗ്ഷന് സമീപം ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം. ആറ്റിങ്ങലിൽ നിന്നു വർക്കല ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന ലൈവ് എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാത വൺവേ ആക്കിയതിനാൽ കല്ലമ്പലം ഭാഗത്തേക്കുള്ള ബസുകൾ മണനാക്ക് വഴി ആലംകോട് എത്തിയാണ് യാത്ര തുടരുന്നത്. മണനാക്ക് ജംഗ്ഷനിലെ കയറ്റം കയറുന്നതിനിടെ എൻജിൻ ഭാഗത്തുനിന്ന് തീ കത്തി താഴെ വീഴുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ബസ് തടഞ്ഞുനിറുത്തി വിവരം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ബസിലുണ്ടായിരുന്ന 30ഓളം യാത്രക്കാരെ ഉടൻ പുറത്തിറക്കി. സമീപത്തെ ഹോട്ടൽ ഉടമ നവാസ് ഹോട്ടലിൽ നിന്ന് വെള്ളമെടുത്തൊഴിച്ചാണ് തീ കെടുത്തിയത്. നാട്ടുകാരും തീഅണയ‌്ക്കാൻ ഒപ്പം കൂടി. ഇതിനിടെ പൊട്ടിയ പൈപ്പ് വഴി ഡീസൽ പുറത്തേക്ക് ഒഴുകി. ആറ്റിങ്ങലിൽ നിന്നും ഫയർഫോഴ്സ് എത്തി ടാങ്ക് അടച്ച ശേഷം റോഡിൽ വീണ ഡീസൽ കഴുകി മാറ്റി. അപകടത്തെ തുടർന്ന് വാഹന ഗതാഗതം തടസപ്പെട്ടു.