കിളിമാനൂർ: കാണം വിറ്റും ഓണം ഉണ്ണണമെന്നാണ് പ്രമാണം. എന്നാൽ മലയാളിക്ക് ഇത്തവണത്തെ ഓണത്തിന് വിൽക്കാൻ കാണവുമില്ല ഓണവുമില്ല. കൊവിഡ് ഭീതിക്കും നിയന്ത്രണങ്ങൾക്കും പുറമേ ഇടമുറിയാതെ പെയ്യുന്ന മഴയും, വീശിയടിക്കുന്ന കാറ്റും കൂടി വന്നതോടെ ജനജീവിതം പൂർണമായും ദുരിതത്തിലായി.
കൊവിഡിന്റെയും മഴയുടെയും ദുരിതങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ദിവസ വേതനത്തിന് ജോലി ചെയ്യുന്നവരെയും, കൂലിവേലക്കാരെയുമാണ്. ലോക്ക് ഡൗണിനെ തുടർന്ന് നിശ്ചലമായ തൊഴിൽ മേഖലകൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നശേഷവും സജീവമാകാത്തത് കടുത്ത ദാരിദ്രയത്തിനും തൊഴിലില്ലായ്മയ്ക്കും ഇടയാക്കിയിരിക്കുകയാണ്. പല പഞ്ചായത്തുകളും അപ്രതീക്ഷിതമായി ഒന്നിലധികം തവണ കണ്ടെയ്മെന്റ് സോണിൽ ആകുന്നതും നിത്യവൃത്തിക്ക് ജോലിക്ക് പോകുന്നവരെ വലച്ചു.
കെട്ടിട നിർമ്മാണ മേഖലയിൽ ധാരാളം ആളുകളാണ് ജോലിക്ക് പോകുന്നത്. റോഡുകൾ അടച്ചതോടെ ഇവിടങ്ങളിൽ ദിവസക്കൂലിക്കാരുൾപ്പെടെയുള്ളവർക്ക് പുറത്ത് ജോലിക്ക് പോകാൻ കഴിയാതായി. പാറ, മെറ്റൽ, പാറപ്പൊടി, ഗ്രാവൽ തുടങ്ങിയ അവശ്യവസ്തുക്കളുടെ ക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും നിർമ്മാണ മേഖലയെയും പ്രതികൂലമായി ബാധിച്ചു.
വിദേശരാജ്യങ്ങളും കൊവിഡ് പ്രതിസന്ധിയിലായതോടെ വിദേശങ്ങളിൽ നിന്നുള്ള പണത്തിന്റെ വരവ് കുറഞ്ഞതാണ് നിർമ്മാണ മേഖലയെയും വ്യാപാരത്തെയും കൂടുതൽ പ്രതിസന്ധിയിലാക്കിയത്.