covid-

തിരുവനന്തപുരം: ലക്ഷണം പ്രകടമാവാത്ത കൊവിഡ് രോഗികളെ വീടുകളിലേക്ക് മാറ്റി ചികിത്സ നടത്താൻ നടപടി തുടങ്ങി. ഒരു പ്രഥമതല ചികിത്സാ കേന്ദ്രത്തിൽ കഴിയുന്നവരിൽ 70 ശതമാനംപേർക്കും രോഗലക്ഷണം ഇല്ലെങ്കിൽ മാത്രമേ, ആ കേന്ദ്രത്തിൽ നിന്ന് അവരെ വീട്ടുനിരീക്ഷണത്തിലാക്കൂ. രോഗവ്യാപനതോത് അനുസരിച്ച് ജില്ലകൾക്ക് തീരുമാനമെടുക്കാം.

വീട്ടിലെ സൗകര്യം പരിശോധിച്ചാകും തുടർ നടപടി. ടെലിമെഡിസിൻ, കൊവിഡ് കോൾ സെന്റർ, ഗതാഗതാ സംവിധാനം എന്നിവ സജ്ജമാണെന്ന് ഉറപ്പാക്കണം. കൊവിഡ് സ്ഥിരീകരിച്ചശേഷം മറ്റ് ആരോഗ്യപ്രശ്‌നങ്ങളും കൊവിഡ് ലക്ഷണങ്ങളും ഇല്ലാത്തവരെ മാത്രമേ വീടുകളിലേക്ക് മാറ്റുകയുള്ളൂ.

വീട്ടിൽ കഴിയുമ്പോൾ

മുറിയിൽ ഒറ്റയ്ക്ക് കഴിയാനുള്ള മാനസികാരോഗ്യം വേണം

12 വയസിൽ താഴെയുള്ള കുട്ടിയാണെങ്കിൽ മറ്റൊരു കുടുംബാംഗത്തിന് സമ്പർക്ക വിലക്കിൽ കഴിയാം.

മൂന്നാമതൊരംഗം പരിചരിക്കണം.
ഫോൺ സംവിധാനം വേണം.

മുതിർന്ന പൗരന്മാർ രോഗിയുമായോ, ഉപയോഗിച്ച വസ്തുക്കളുമായോ സമ്പർക്കത്തിൽ വരരുത്.

ഹൈ റിസ്‌ക് വിഭാഗത്തിലെ അംഗങ്ങളെ മാറ്റിപാർപ്പിക്കണം.
ദിവസേന പൾസ് ഓക്‌സിമീറ്റർ ഉപയോഗിച്ച് ഓക്‌സിജൻ അളവ് നിർണയിക്കണം.

രുചിയില്ലായ്മ, ശ്വാസതടസം, നെഞ്ചുവേദന, ബോധക്ഷയം, അമിതക്ഷീണം തുടങ്ങിയ പ്രശ്‌നങ്ങൾ (റെഡ് ഫ്‌ലാഗ് സൈൻസ്) അനുഭവപ്പെട്ടാൽ ഉടൻ മെഡിക്കൽ ഓഫീസറെ അറിയിക്കണം.
രോഗിയും പരിചാരകനും സദാസമയവും ത്രീ ലെയർ മാസ്‌ക് ഉപയോഗിക്കണം.

സ്വന്തം വസ്ത്രങ്ങൾ ശുചിമുറിയിൽ സ്വയം അലക്കണം.