idukki-dam

തിരുവനന്തപുരം: മഴ അടുത്ത മൂന്നു ദിവസം അതിശക്തമായി തുടർന്നാൽ വലിയ ഡാമുകൾ തുറക്കേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി കണക്കുകൂട്ടുന്നു. കല്ലാർകുട്ടി, ഇരട്ടയാർ, പൊന്മുടി, ലോവൽപെരിയാർ, പെരിങ്ങൽകുത്ത്, മൂഴിയാർ, കല്ലാർ, കക്കയം, കുണ്ടള എന്നീ ചെറു ഡാമുകൾ ഇതിനകം തുറന്നു കഴിഞ്ഞു. പമ്പ അണക്കെട്ട് സംഭരണ ശേഷിയുടെ 84% നിറഞ്ഞു. നീരൊഴുക്ക് കൂടിയാൽ ഏതു നിമിഷവും തുറക്കാം.തീവ്രമഴ തുടർന്നാൽ വയനാട്ടെ ബാണാസുര സാഗർ അണക്കെട്ടായിരിക്കും ആദ്യം തുറക്കുക. മഴ നാലാം നാളിലേക്ക് നീണ്ടാൽ ഇടുക്കി, ഇടമലയാർ ഡാമുകളും തുറക്കേണ്ടി വരും. ഇന്നലെ വൈകിട്ടോടെ പല ജില്ലകളിലും മഴ വീണ്ടും ശക്തമായതും ഒറീസാ തീരത്ത് ന്യൂന മർദ്ദം രൂപംകൊണ്ടതും ആശങ്കപ്പെടുത്തുന്നു.അണക്കെട്ടുകൾ തുറക്കേണ്ട സാഹചര്യമുണ്ടായാൽ കെ.എസ്.ഇ.ബിയും ജലസേചന വകുപ്പും 36 മണിക്കൂറിന് മുൻപ് അതത് ജില്ലാ ഭരണകൂടത്തെ അറിയിച്ച് അനുമതി വാങ്ങണമെന്നാണ് സർക്കാർ നിർദേശം. ഡാം തുറന്നാൽ, ഏതൊക്കെ പുഴകളിലും തോടുകളിലും വെള്ളം ഉയരുമെന്ന് കണക്കാക്കി തദ്ദേശ സ്ഥാപനങ്ങൾ 15 മണിക്കൂർ മുമ്പ് ജനങ്ങളെ ഉച്ചഭാഷിണിയിലൂടെ അറിയിക്കും.

ഡാമുകൾ ജലത്തിന്റെ അളവ്

അലർട്ട് ഇങ്ങനെ

കെ.എസ്.ഇ.ബി ഡാമുകൾ തുറക്കേണ്ട ലക്ഷണം കണ്ടാൽ ബ്ലൂ അലർട്ട് നൽകും. ജലനിരപ്പ് വീണ്ടും കൂടിയാൽ ഓറഞ്ച് അലർട്ടും തുറക്കും മുമ്പ് റെഡ് അലർട്ടും നൽകും

''അതി തീവ്രമഴ തുടർന്നാൽ മൂന്നു ദിവസത്തിൽ കൂടുതൽ പിടിച്ചു നിൽക്കാനാകില്ല. ഡാമുകൾ തുറന്നാൽ പ്രളയസാദ്ധ്യത തള്ളിക്കളയാനാകില്ല''

- എൻ.എസ്.പിള്ള, ചെയർമാൻ, കെ.എസ്.ഇ.ബി