നാഗർകോവിൽ:കന്യാകുമാരി ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 6000 കടന്നതോടെ സാമൂഹ്യ വ്യാപന ഭീതിയിലാണ്. നാഗർകോവിൽ ആശാരിപ്പള്ളം ആശുപത്രിയിലും കൊവിഡ് കെയർ സെന്ററുകളിലും സ്വകാര്യ ആശുപത്രികളിലുമായി 1500ലേറെ പേർ ചികിത്സയിലുണ്ട്.4544 പേർ ഇതുവരെ രോഗ മുക്തരായി.ശുശീന്ദ്രം,ആശാരിപ്പള്ളം,ആരുവാമൊഴി പൊലീസ് സ്റ്റേഷനുകളിലെ മൂന്ന് എസ്.ഐമാർക്ക് രോഗം സ്ഥിരീകരിച്ചു.ഇവർ നാഗർകോവിൽ ആശാരിപ്പള്ളം ആശുപത്രിയിൽ ചികിത്സയിലാണ്.മൂന്ന് സ്റ്റേഷനുകളും താത്കാലികമായി അടച്ചു. നാഗർകോവിലിലെ സ്വകാര്യ ആശുപത്രിയിൽ പനിയെ തുടർന്ന് ചികിത്സയിലിരുന്ന രണ്ടു വയസുള്ള കുട്ടിക്കും രോഗം സ്ഥിരീകരിച്ചു.ഇതേതുടർന്ന് ആശുപത്രിയിലെ നഴ്സുമാർക്ക് നടത്തിയ പരിശോധനയിൽ 8 പേർക്ക് രോഗം കണ്ടെത്തി.ഇന്നലെ മൂന്ന് കൊവിഡ് മരണങ്ങളും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.നാഗർകോവിൽ കൃഷ്ണകോവിൽ സ്വദേശിനി (60),പറക്ക സ്വദേശി (66) ,കന്യാകുമാരി സ്വദേശിനി (72) എന്നിവരാണ് മരിച്ചത്.ഇതോടെ ജില്ലയിലെ മരണ സംഖ്യ 81 ആയി.