photo1


പാലോട് : കാട്ടാനകളുടെ താണ്ഡവത്തിൽ കൃഷിനാശം വ്യാപകമായ പെരിങ്ങമ്മല പേത്തലക്കരിക്കകത്ത് കാട്ടാന ഷോക്കേറ്റ് ചത്ത നിലയിൽ. മുപ്പത് വയസ് തോന്നിക്കുന്ന മോഴ ആനയാണ് ചത്തത്. തെങ്ങ് കുത്തി മറിച്ചിടുന്നതിനിടയിൽ വൈദ്യുതി പോസ്റ്റിൽ നിന്ന് പൊട്ടിവീണ കമ്പി വെള്ളം നിറഞ്ഞ ചതുപ്പിൽ പതിച്ച് ഷോക്കേറ്റതാകാമെന്നാണ് നിഗമനം. സമീപ പ്രദേശങ്ങളിലെ വിളകൾ നശിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ 7 ഓടെ സമീപവാസിയായ ഒരു സ്ത്രീയാണ് ചത്ത നിലയിൽ ആനയെ കണ്ടത്. ഒടിഞ്ഞ ഇലക്ട്രിക് പോസ്റ്റും പൊട്ടിയ വൈദ്യുത കമ്പിയും ജഡത്തിനരികിലുണ്ട്. പാലോട് ഫോറസ്റ്റ് റേഞ്ചിനു കീഴിലെ മേഖലയാണ് പേത്തലക്കരിക്കകം. ചാക്കോച്ചൻ എന്ന കർഷകന്റെ പുരയിടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്.വെള്ളിയാഴ്ച രാത്രി 10 ഓടെ ഇവിടെ കാട്ടാന താവളമുറപ്പിച്ച വിവരം നാട്ടുകാർ വനപാലകരെ അറിയിച്ചിരുന്നു. ഇതനുസരിച്ച് രാത്രി തന്നെ അധികൃതർ എത്തി പാട്ടയടിച്ച് ഒച്ച വച്ചും ബഹളം കൂട്ടിയും ആനയെ തിരികെ കാട്ടിലേക്കയച്ചിരുന്നു. പുലർച്ചെ തിരികെ എത്തിയ ആന വിളകൾ പിഴുതെറിഞ്ഞു. മാസങ്ങളായി നാട്ടിലിറങ്ങി കൃഷിയിടങ്ങളും വീടുകളും തകർത്ത് ജനജീവിതത്തിന് ഭീഷണി ഉയർത്തിയ ആനയാണ് ചരിഞ്ഞതെന്ന് കർഷകർ പറയുന്നു. ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഡോ.നന്ദകുമാറിന്റെയും വെറ്ററിനറി സർജൻ ഡോ.വിനോദിന്റെയും നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം ചെയ്ത് വനത്തിനുള്ളിൽ ആനയെ സംസ്കരിച്ചു.തിരുവനന്തപുരം ഡി.എഫ്.ഒ കെ.ഐ.പ്രദീപ് കുമാർ, പാലോട് റേഞ്ച് ഓഫീസർ അജിത് കുമാർ എന്നിവർ മേൽനടപടികൾ സ്വീകരിച്ചു.