indepenceday-

തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് സ്വാതന്ത്റ്യദിന പരേഡ് ചുരുക്കും. തലസ്ഥാനത്ത് പൊലീസ്, പാരാമിലി​റ്ററി സേനാംഗങ്ങളുടെ ഏഴു പ്ലാ​റ്റൂണുകൾ മാത്രമേ പങ്കെടുക്കൂ. മുമ്പ് 25 പ്ലാ​റ്റൂണുകൾ വരെ പങ്കെടുത്തിരുന്നു. ജില്ലാ ആസ്ഥാനങ്ങളിൽ മൂന്നു മുതൽ അഞ്ചു വരെ പ്ലാറ്റൂണുകളുണ്ടാകും. മാർച്ച് പാസ്​റ്റുണ്ടാവില്ല. പൊതുജനങ്ങൾക്കു പ്രവേശനമുണ്ടാകില്ല.

മുമ്പ് രാവിലെ എട്ടരയ്‌ക്ക് തുടങ്ങിയിരുന്ന സ്വാതന്ത്റ്യദിനാഘോഷം ഇത്തവണ ഒമ്പതിന് ശേഷമേ തുടങ്ങൂ. കൊവിഡ് പ്രതിരോധത്തിലുള്ള ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ, സാനി​റ്റേഷൻ ജീവനക്കാർ തുടങ്ങിയവരുടെ പ്രതിനിധികളെ പ്രത്യേക അതിഥികളായി ക്ഷണിക്കും. സ്വാതന്ത്റ്യ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന മെഡൽ വിതരണം ഇത്തവണ ഉണ്ടാകില്ല. ഇതു പിന്നീടു നടത്തും. സ്വാതന്ത്റ്യസമര സേനാനികളെ ജില്ലാ കളക്ടർമാരോ പ്രതിനിധികളോ വീട്ടിലെത്തി ആദരിക്കും. സ്വാതന്ത്റ്യ ദിനാഘോഷ നടത്തിപ്പ് സംബന്ധിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്റാലയത്തിന്റെ മാർഗനിർദ്ദേശമനുസരിച്ചാണ് ചടങ്ങുകൾ സംഘടിപ്പിക്കുക.

ജില്ലാ - ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് ആസ്ഥാനങ്ങളടക്കം എല്ലാ പ്രധാന കേന്ദ്രങ്ങളിലും കൊവിഡ് മാനദണ്ഡം പാലിച്ചു ദേശീയപതാക ഉയർത്തും. ആൾക്കൂട്ടം ഒഴിവാക്കുന്നതിന് ഡിജി​റ്റൽ, സമൂഹ മാദ്ധ്യമങ്ങളിലൂടെ ദേശഭക്തി ഗാനങ്ങൾ, സന്ദേശങ്ങൾ തുടങ്ങിയവ നൽകാം. പ്രധാന മന്ദിരങ്ങളിൽ ദീപാലങ്കാരവും സൗണ്ട് ഷോയും നടത്താം. ബാൽക്കണികളിലും വീടുകളുടെ മുകളിലും ജനങ്ങൾക്കു ദേശീയപതാക വീശി ആഘോഷത്തിൽ പങ്കാളികളാകാം. ആഘോഷങ്ങൾ വെബ്‌കാസ്​റ്റ് ചെയ്യണമെന്നും കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.