വർക്കല: വർക്കല നഗരസഭയുടെ പരിധിയിൽ ചെറുകുന്നം പ്രദേശത്ത് വഴി കെട്ടിയടച്ച നടപടിയിൽ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അടൂർ പ്രകാശ് എം.പിക്ക് നിവേദനം നൽകി. വർഷങ്ങളായി റെയിൽവേ സ്റ്റേഷന് കിഴക്കുവശത്തുള്ള പട്ടികജാതിക്കാർ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ആളുകൾ വർക്കലയിലെ പ്രധാന നിരത്തിലേക്ക് ഇറങ്ങുന്നതിന് ഉപയോഗിച്ചിരുന്ന വഴിയാണ് റെയിൽവേ കെട്ടിയടച്ചത്.
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യവും അവകാശങ്ങളും ഹനിക്കുന്ന രീതിയിലാണ് റെയിൽവേയിലെ ചില ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. റെയിൽവേയുടെ ആരംഭകാലം മുതൽ ലൈൻ ക്രോസിംഗ് ആയി ജനങ്ങൾ ഉപയോഗിച്ചിരുന്ന ചങ്ങല ഗേറ്റ് റെയിൽവേ വർഷങ്ങൾക്കു മുൻപ് നിറുത്തലാക്കിയെങ്കിലും മറ്റു സൗകര്യങ്ങൾ ഒരുക്കാതിരുന്നതിനാൽ ഇതുവരെ ഈ ഭാഗത്ത് ക്ലോസ് ചെയ്യുന്നതിന് യാതൊരു തടസങ്ങളും വരുത്തിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ രണ്ടുപ്രാവശ്യം വഴി കെട്ടിയടച്ച് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഈ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ടാണ് ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ആർ. സുലോചനൻ, ടി. ഷിബി, സതീശൻ ടണൽ വ്യൂ എന്നിവരുടെ നേതൃത്വത്തിൽഎം.പിക്ക് നിവേദനം നൽകിയത്