വിതുര: പേമാരിയും ശക്തമായ കാറ്റും മലയോര മേഖലയിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം വിതച്ചു. വിതുര, തൊളിക്കോട്, ആര്യനാട്,നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലാണ് കൂടുതൽ നാശമുണ്ടായത്. 47വീടുകൾ ഭാഗികമായും, നാല് വീടുകൾ പൂർണമായും തകർന്നു. എസ്റ്റേറ്റുകളിലും വിളകളിലുമായി നൂറ് കണക്കിന് റബർ മരങ്ങൾ കടപുഴകി. ഓണ വിപണി ലക്ഷ്യമിട്ടു കുടുംബശ്രീ യൂണിറ്റുകളും പുരുഷ സ്വാശ്രയ സംഘങ്ങളും നടത്തിയിരുന്ന വാഴ, പച്ചക്കറി കൃഷികളും നശിച്ചു. വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ 21വീടുകളിൽ വെള്ളം കയറി. നദികൾ നിറഞ്ഞ് ഗതി മാറി ഒഴുകുകയാണ്. കൃഷിഭൂമി വ്യാപകമായി ഒലിച്ചു പോവുകയും ചെയ്തു. നാട്ടിൻ പുറത്തെ അപേക്ഷിച്ച് വനമേഖലയിലാണ് മഴ ശക്തമായത്. പൊന്മുടി, ബോണക്കാട് വനത്തിൽ മഴ ശക്തമായതോടെ വാമനപുരം നദിയിലേക്ക് മലവെള്ളപ്പാച്ചിൽ ഉണ്ടായി. പൊന്മുടിയിൽ ഉരുൾ പൊട്ടിയെന്ന് കിംവദന്തിയും പരന്നു. കനത്ത മഴയത്ത് പൊൻമുടി- നെടുമങ്ങാട് റോഡിൽ മരങ്ങൾ കടപുഴകി ഗതാഗത തടസമുണ്ടായി. വൈദ്യുതി ലൈനുകൾ പൊട്ടിവീണ് കെ.എസ്.ഇ.ബിക്കും കനത്ത നഷ്ടമുണ്ട്. പേപ്പാറ വനമേഖലയിലും മഴ ശക്തമാണ്. ഡാമിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
റോഡുകൾ താറുമാറായി
പൊൻമുടി- തിരുവനന്തപുരം സംസ്ഥാന പാതയിൽ നെടുമങ്ങാട് -വിതുര റോഡും വിതുര - പാലോട് റോഡും താറുമാറായി. ഓടകൾ ഇല്ലാത്തതു മൂലം റോഡുകൾ മണിക്കൂറുകളോളം തോട് ആയി മാറി. ഗതാഗത തടസവുമുണ്ടായി.വീട് തകർന്നവരും, കൃഷി നശിച്ചവരും വില്ലേജ് ഓഫീസിലും പഞ്ചായത്ത് ഓഫീസിലും പരാതി നൽകിയിട്ടുണ്ട്. ഒരു കോടിയിൽ പരം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. കെ.എസ്.ശബരീനാഥൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു,വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി,തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംനാനവാസ്, ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് ഷാമിലാബീഗം എന്നിവർ വിവിധ മേഖലകൾ സന്ദർശിച്ചു. നാശനഷ്ടം ഉണ്ടായവർക്ക് സഹായം ലഭ്യമാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പു നൽകി. മഴയെ തുടർന്ന് ആദിവാസി മേഖലകൾ ഒറ്റപ്പെട്ടു. എസ്റ്റേറ്റ് തൊഴിലാളികളും പ്രതിസന്ധിയിൽ തന്നെ. ആദിവാസികൾക്കും തോട്ടം തൊഴിലാളികൾക്കും സൗജന്യ റേഷനും മരുന്നുകളും നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
മഴ മൂലം ദുരിതം അനുഭവിക്കുന്നവർക്കും വീട് നഷ്ടപ്പെട്ടവർക്കും കൃഷി നശിച്ചവർക്കും അടിയന്തര സഹായങ്ങൾ നൽകണം.
-എസ്. എസ്. പ്രേംകുമാർ, സി.പി.എം തൊളിക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ മലയോര മേഖലയിൽ തകർന്നത് 47 വീടുകൾ
21 വീടുകളിൽ വെള്ളം കയറി വീട്ടുപകരണങ്ങൾ നശിച്ചു