nishath

തിരുവനന്തപുരം: തൃശൂരിൽ നിന്ന് തിരുവനന്തപുരം വരെ ആട്ടോയിൽ എത്തിയശേഷം പണം നൽകാതെ മുങ്ങിയ യുവാവിനെ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര ബഥേൽ ഹൗസിൽ നിഷാദാണ് (27) പിടിയിലായത്. ആട്ടോ ഡ്രൈവർ ചാലക്കുടി സ്വദേശി രേവത് നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. ആട്ടോറിക്ഷയുടെ കൂലിയും രേവതിൽ നിന്ന് കടം വാങ്ങിയ തുകയും ഉൾപ്പടെ 7500 രൂപ നൽകാതെയാണ് ഇയാൾ കടന്നുകളഞ്ഞത്.
ജൂലായ് 28നായിരുന്നു സംഭവം. ഉത്സവപറമ്പിൽ സി.ഡി വിറ്റ് ഉപജീവനം നടത്തിയിരുന്ന രേവത് ലോക്ക്ഡൗൺ ഉണ്ടാക്കിയ പ്രതിസന്ധിയെ തുടർന്നാണ് ആട്ടോ ഡ്രൈവറായത്. രാത്രി 10.30 ഓടെ ഓട്ടം മതിയാക്കി വീട്ടിലേക്ക് പോകാനിരിക്കുമ്പോഴാണ് ഇയാൾ രേവതിന്റെ ആട്ടോ വിളിച്ചത്. അമ്മ മരിച്ചു, പെട്ടെന്ന് തിരുവനന്തപുരത്ത് എത്തണം കൊണ്ടുവിടാമോ എന്നായിരുന്നു ചോദ്യം. കൈയിൽ പണമില്ലെന്നും തിരുവനന്തപുരത്ത് എത്തിയിട്ട് തരാമെന്നും പറഞ്ഞു. ഫോണിലൂടെ ബന്ധുവാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ആളും പണം തരാമെന്ന് ഉറപ്പ് നൽകിയതോടെ രേവത് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. ഇടയ്ക്ക് വഴിയിൽ നിന്ന് ഭക്ഷണവും വാങ്ങിക്കൊടുത്തു. ജനറൽ ആശുപത്രിയിലാണ് അമ്മയുള്ളതെന്നും അങ്ങോട്ട് പോകണമെന്നും പറഞ്ഞു. ജനറൽ ആശുപത്രിയിൽ എത്തിയപ്പോൾ അകത്തുപോയി നോക്കിയിട്ട് വരാമെന്ന് പറഞ്ഞ് ഇയാൾ മുങ്ങുകയായിരുന്നു. ഒരു മണിക്കൂർ കാത്ത് നിന്നിട്ടും ഇയാൾ എത്താതിരുന്നപ്പോഴാണ് സംശയം തോന്നി തമ്പാനൂർ പൊലീസിൽ പരാതി നൽകിയത്.സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

കലാഭവൻ മണിയുടെ കടുത്ത ആരാധകൻ കൂടിയായ രേവതിന്റെ അവസ്ഥയറിഞ്ഞ് നടി നിയ രഞ്ജിത്ത് സഹായവാഗ്ദാനവുമായി എത്തിയിരുന്നു. ജില്ലയിലെ ഒരു ഹോട്ടലുടമയും രേവതിന് 7500 രൂപ നൽകി.