തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിടെ പ്രകൃതിക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സാമൂഹിക അകലം പാലിക്കുന്നതിനായി 20 മുതൽ 30 വരെ ആൾക്കാരെ ഉൾക്കൊള്ളുന്ന കൂടുതൽ ക്യാമ്പുകൾ ഒരുക്കണം. കൊവിഡ് നിരീക്ഷണത്തിൽ ഉള്ളവർക്കായി പ്രത്യേകം മുറികൾ ഉറപ്പാക്കണമെന്നും ആരോഗ്യ വകുപ്പ് പുറത്തിറക്കിയ മാർഗരേഖയിൽ പറയുന്നു. കൃത്യമായ ഇടവേളയിൽ ആരോഗ്യപരിശോധന നടത്തണം. കൊവിഡ് ലക്ഷണങ്ങൾ പ്രകടമാക്കുന്നവരെ ഉടൻ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റണം. ക്യാമ്പുകളിൽ മാലിന്യ നിർമാർജ്ജനം, പകർച്ചവ്യാധി നിയന്ത്രണം എന്നിവ കർശനമാക്കണം. താത്കാലികമായി ആശുപത്രികൾ ഒരുക്കാൻ സ്ഥലം കണ്ടെത്തണം. ബദൽ സംവിധാനങ്ങൾ ഒരുക്കേണ്ടി വന്നാൽ, ആരോഗ്യ പ്രവർത്തകർ തദ്ദേശ സ്ഥാപനങ്ങൾക്ക് ആവശ്യമായ സഹായം നൽകണം. ക്യാമ്പുകളിൽ മരണമുണ്ടായാൽ ഉപയോഗിക്കാനായി ആവശ്യമായ ബോഡി ബാഗുകൾ സൂക്ഷിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നു.