flight-crash

തിരുവനന്തപുരം: കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ മുൻകരുതലിന്റെ ഭാഗമായി ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കും.

ദുരന്തത്തിന്റെ നടുക്കത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ സാധിക്കാതെയാണ് ആളുകൾ ദുരന്തമുഖത്തേക്ക് ഇറങ്ങിയത്. പരമാവധി ആൾക്കാരെ രക്ഷിക്കാനും സാധിച്ചു. അതേസമയം എയർപോർട്ട് പരിസരം കണ്ടെയ്ൻമെന്റ് സോണായതിനാലാണ് ഇത്തരമൊരു മുൻകരുതൽ പാലിക്കണമെന്ന് നിർദ്ദേശിച്ചത്.

രക്ഷാദൗത്യത്തിൽ പങ്കെടുത്തവർ എത്രയും വേഗം ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം. ദിശ 1056, 0471- 2552056 എന്ന നമ്പരിലേക്കോ മലപ്പുറം,കോഴിക്കോട് ജില്ലാ കൺട്രോൾ റൂം നമ്പരിലേക്കോ (മലപ്പുറം: 0483 -2733251, 2733252, 2733253, കോഴിക്കോട് : 0495- 2376063, 2371471, 2373901) ബന്ധപ്പെട്ട് പേര്, മേൽവിലാസം, ഫോൺ നമ്പർ എന്നിവ നൽകേണ്ടതാണ്. എത്രയും വേഗം ഇവരുടെ ലൈൻ ലിസ്റ്റ് തയ്യാറാക്കി ആരോഗ്യ വകുപ്പ് മേൽനടപടി സ്വീകരിക്കുന്നതാണ്. ശാരീരിക ബുദ്ധിമുട്ടുകളുള്ളവർക്ക് വിദഗദ്ധ ചികിത്സ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.