വെള്ളറട: ഗ്രാമങ്ങളിൽ സമ്പർക്കം മൂലമുള്ള കൊവിഡ് വ്യാപനം വർദ്ധിക്കുന്നു. വെള്ളറട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ നടത്തിയ ആന്റിജൻ പരശോധനയിൽ ഇന്നലെ 9 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പനച്ചമൂട് സ്വദേശികളായ അഞ്ചു പേർക്കും കരിക്കാമൻകോട് സ്വദേശിയും വെള്ളറട വൈദ്യുതി സെക്ഷൻ ഓഫീസിലെ ജീവനക്കാരനും കിളിയൂരിൽ രണ്ടുപേർക്കും വെള്ളറടയിൽ ഒരാൾക്കുമാണ് രോഗബാധയുണ്ടായത്. കിളിയൂർ കണ്ണൂർക്കോണത്തെ നാടൻ ഭക്ഷണ ശാലയിലെ ഒരു തൊഴിലാളിയും ഇതിൽ ഉൾപ്പെടും. ജൂലൈ 25ന് ശേഷം ഈ ഭക്ഷണ ശാലയിൽ വന്നിട്ടുള്ളവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിൽ വട്ടപറമ്പ് സ്വദേശികളായ നാലുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിൽ ചെറിയകൊല്ലയിൽ രണ്ടുപേർക്കും എള്ളുവിളയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതിർത്തി ഗ്രാമങ്ങളിൽ രോഗ വ്യാപനം വ്യാപകമായിട്ടും പൊലീസിന് ശക്തമായ നടപടിയുമായി മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയാണ് . തമിഴ്നാട്ടിൽ നിന്നും ചെറിയകൊല്ല വഴി വ്യാപകമായാണ് ആളുകൾ തമിഴ്നാട് ചെക്ക് പോസ്റ്റ് കഴിഞ്ഞ് എത്തുന്നത്. അതിർത്തിയിലെ തമിഴ്നാട് ചെക്കുപോസ്റ്റിൽ കാര്യമായ പരിശോധന ഒന്നും തന്നെയില്ല. കേരളത്തിന്റെ അതിർത്തി അടച്ചാൽ അത് അതിർത്തി തർക്കമായി മാറ്റിയെടുക്കാനും ചില ശ്രമങ്ങൾ നടക്കുകയാണ്. ഏതാനും ദിവസം മുമ്പ് കേരള പൊലീസ് പനച്ചമൂട് പുളിമൂട് അതിർത്തി മണ്ണും ബാരിക്കോഡും ഉപയോഗിച്ച് അടച്ചിരുന്നു. ഇത് ഇരു സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തി തർക്കമാക്കി മാറ്റി ബാരിക്കേഡും മണ്ണും മാറ്റി. ഇതുവഴി നിയന്ത്രണങ്ങളില്ലാതെ അതിർത്തി കടന്ന് ആളുകൾ എത്തുന്നത് കണ്ടെയ്ൻമെന്റ് സോണായ പനച്ചമൂട്ടിൽ തിരക്ക് വർദ്ധിക്കുകയാണ്.