അറ്റിങ്ങൽ: അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹവുമായി സമ്പർക്കത്തിലായ ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം. പ്രദീപ്, വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, സെക്രട്ടറി എന്നിവരും ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരും സ്വയം നിരീക്ഷണത്തിൽ പോകും. കൊവിഡ് ബാധിച്ച് മരിച്ച അഞ്ചുതെങ്ങ് സ്വദേശിയെ നഗരസഭാ ശ്‌മശാനത്തിലാണ് സംസ്‌കരിച്ചത്. ചടങ്ങിൽ അഞ്ചുതെങ്ങ് പ്രസിഡന്റ് പങ്കെടുത്തിരുന്നു. പ്രസിഡന്റിന്റെ പരിശോധനാ ഫലം പോസിറ്റീവ് ആയതിനെ തുടർന്നാണ് പ്രൈമറി കോൺടാക്ട് ലിസ്റ്റിൽ ഉൾപ്പെട്ടവരായ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജീവനക്കാരും ഏഴ് ദിവസത്തെ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കുന്നതെന്ന് ചെയർമാൻ എം. പ്രദീപ് അറിയിച്ചു. 12ന് നടത്താനിരുന്ന കൗൺസിൽ യോഗം മാറ്റിവച്ചതായും ഓഫീസ് അറിയിച്ചു.