udf-udf-

തിരുവനന്തപുരം: എം.പി. വീരേന്ദ്രകുമാർ അന്തരിച്ച ഒഴിവിലുണ്ടായ രാജ്യസഭാ സീറ്റ് അദ്ദേഹത്തിന്റെ മകൻ എം.വി. ശ്രേയാംസ് കുമാർ സംസ്ഥാന അദ്ധ്യക്ഷനായുള്ള ലോക് താന്ത്രിക് ജനതാദളിന് നൽകാൻ ഇടതുമുന്നണി യോഗം തീരുമാനിച്ചു. എൽ.ജെ.ഡി സംസ്ഥാനകമ്മിറ്റി യോഗം ഇന്ന് രാവിലെ 10ന് ഓൺലൈനായി ചേർന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് നാലിന് എൽ.ജെ.ഡി നേതൃത്വം വാർത്താസമ്മേളനവും വിളിച്ചിട്ടുണ്ട്. ശ്രേയാംസ് കുമാർ തന്നെയാകും സ്ഥാനാർത്ഥിയെന്നാണ് സൂചന.

എൽ.ജെ.ഡി സീറ്റിന് അവകാശവാദമുന്നയിച്ച് കത്ത് നൽകിയതായി ഇന്നലെ വൈകിട്ട് മൂന്നിന് ചേർന്ന ഇടതുമുന്നണി യോഗത്തിൽ ആമുഖമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു.

മുഖ്യമന്ത്രിയുടെ അഭാവത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനായിരുന്നു യോഗാദ്ധ്യക്ഷൻ. വീരേന്ദ്രകുമാർ രാഷ്ട്രീയ കാരണങ്ങളാൽ യു.ഡി.എഫ് വിടുകയും എം.പി സ്ഥാനം രാജിവയ്ക്കുകയും ചെയ്ത് എൽ.ഡി.എഫിൽ തിരിച്ചെത്തിയതാണെന്നും അതേ രാഷ്ട്രീയ കാരണങ്ങളാൽ തന്നെ എൽ.ജെ.ഡിക്ക് സീറ്റ് നൽകണമെന്ന് സി.പി.എമ്മിന് അഭിപ്രായമുണ്ടെന്നും കോടിയേരി വ്യക്തമാക്കി. സി.പി.ഐയും ഇതിനെ അനുകൂലിച്ചു. എന്നാൽ, രാജ്യസഭാ സീറ്റുകളിലേക്ക് ഒഴിവുകളുണ്ടാകുമ്പോൾ മറ്റ് ഘടകകക്ഷികളെ കൂടി പരിഗണിക്കണമെന്ന ആവശ്യം ചിലരുയർത്തി. അടുത്തുവരുന്ന ഒഴിവിലേക്ക് എൻ.സി.പിയെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത് എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ ടി.പി. പീതാംബരൻ മാസ്റ്ററാണ്. കേരള കോൺഗ്രസ്-ബിയെ പ്രതിനിധീകരിച്ചെത്തിയ കെ.ബി. ഗണേശ് കുമാറും രാജ്യസഭ പോലുള്ള ഒഴിവുകളിലേക്ക് തങ്ങളെ പരിഗണിക്കണമെന്നാവശ്യപ്പെട്ടു. മുന്നണിയിൽ അവഗണനയുണ്ടെന്ന പരാതിയുടെ കെട്ടഴിച്ച് പത്ത് മിനിറ്റോളം ഗണേശ് കുമാർ സംസാരിച്ചത് ശ്രദ്ധേയമായി. ഇതിനോടാരും പ്രതികരിച്ചില്ല.

രാമക്ഷേത്ര വിഷയമടക്കം ഉയർത്തിക്കാട്ടി ഈ മാസം 15ന് ഇടതുമുന്നണിയുടെ നേതൃത്വത്തിൽ മതേതര സംഗമം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.