sea-rough

തിരുവനന്തപുരം:നഗരപ്രദേശങ്ങളിൽ ഉച്ച വരെ ആകാശം തെളിഞ്ഞുനിന്നെങ്കിലും വൈകിട്ടോടെ മഴ ശക്തി പ്രാപിച്ചു.മലയോര മേഖലയിൽ മഴ തുടരുകയാണ്. ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിവിധ പ്രദേശങ്ങളിലായി മഴക്കെടുതിയിൽ 198 വീടുകൾ ഭാഗികമായും 37 വീടുകൾ പൂർണമായും തകർന്നതായി ജില്ലാ കളക്ടർ അറിയിച്ചു. വലിയതുറ യു.പി സ്‌കൂൾ, ഫിഷറീസ് ടെക്‌നിക്കൽ സ്‌കൂൾ, പോർട്ട് ഗോഡൗൺ 1, പോർട്ട് ഗോഡൗൺ 2, എൽ.എഫ്.എം.എസ്.സി എൽ.പി സ്‌കൂൾ, ബഡ്‌സ് സ്‌കൂൾ, അഞ്ചുതെങ്ങ് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലായി ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. 584 പേരെ ദുരിതാശ്വാസ ക്യാമ്പുകളിൽ മാറ്റിപ്പാർപ്പിച്ചു. ആകെ 5,867 ഹെക്ടർ കൃഷിനാശം സംഭവിച്ചു.

നഗരത്തിൽ ശക്തമായ മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കാര്യമായ നാശനഷ്ടങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല.പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. കാൽനടയാത്രക്കാരെയും ഇരുചക്രവാഹന യാത്രികരേയും മഴ വലച്ചു.

 കലിതുള്ളി കടൽ

ജില്ലയുടെ തീരദേശത്ത് കടൽക്ഷോഭം രൂക്ഷമായി. കൊച്ചുതോപ്പ് മുതൽ വലിയതോപ്പ് വരെയുള്ള ഭാഗങ്ങളിൽ ഇന്നലെ വൈകിയും കടലേറ്റം ശക്തമാണ്.വീടുകളുടെ അടിത്തറ കടലെടുത്തു. പല വീടുകളും വൈകാതെതന്നെ കടലെടുത്ത് പോകുമെന്ന ഭീഷണിയിലാണ്.വലിയതുറയിൽ കടലാക്രമണം മുന്നിൽ കണ്ട് നാട്ടുകാർ തന്നെ റോഡിലിറങ്ങി ഗതാഗതം നിയന്തിച്ചു. ശംഖുംമുഖത്തും കടലേറ്റം തുടരുകയാണ്.