online

കൊച്ചി: മൊബൈലും ലാപ്ടോപ്പും നെറ്റ് കണക്ഷനും റെഡിയായി ഓൺലൈൻ പഠനം നല്ലരീതിയിൽ നടക്കുമ്പോൾ വിദ്യാർത്ഥികൾക്ക് ഇരുട്ടടിയാവുകയാണ് മോശപ്പെട്ട കാലാവസ്ഥ. ശക്തമായ കാറ്റിലും മഴയിലും മരങ്ങൾവീണ് വൈദ്യുതിമുടക്കം പതിവാകുന്നു. കൊവിഡ് കാലമായിട്ടും പ്രോട്ടോക്കോൾ പാലിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനു പരിശ്രമിക്കുകയാണ് കെ.എസ്.ഇ.ബി ജീവനക്കാർ. എന്നാൽ വൈദ്യുതി പുന:സ്ഥാപിക്കുമ്പോഴക്കും പലപ്പോഴും ക്ലാസുകൾ കഴിഞ്ഞിട്ടുണ്ടാകും. സി.ബി.എസ്.ഇ ഉൾപ്പെടെ മിക്ക സ്കൂളുകളിലും അദ്ധ്യാപകർ തന്നെയാണ് ക്ലാസുകളെടുക്കുന്നത്. അതുകൊണ്ട് ക്ലാസുകൾ മുടങ്ങുന്നത് അദ്ധ്യാപകർക്കും കുട്ടികൾക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നു.

#വിശ്രമമില്ലാതെ കെ.എസ്.ഇ.ബി

കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് മോശപ്പെട്ട കാലാവസ്ഥയിലും ജീവനക്കാർ പണിയെടുക്കുന്നത്. അവധി ദിവസങ്ങളിൽപോലും എല്ലാ ജീവനക്കാരും ജോലിയിലുണ്ട്. വൈദ്യുതി തടസമുണ്ടാകുമ്പോൾ വലിയ ഒരു പ്രദേശമാകെ വെളിച്ചമെത്തിക്കുന്ന 11 കെ.വി ലൈൻ തകരാറുകൾ പരിഹരിക്കുന്നതിനാണ് കെ.എസ്.ഇ.ബി മുൻഗണന നൽകുക. തുടർന്നാണ് ഉപഭോക്താക്കളുടെ വീടുകളിലേക്ക് വൈദ്യുതി എത്തിക്കുന്ന എൽ.ടി ലൈനുകളിലെ തകരാറുകൾ പരിഹരിക്കുന്നത്. ഇതിനുംശേഷമേ വ്യക്തിഗത പരാതികൾ പരിഹരിക്കുകയുള്ളു. കാലവർഷക്കെടുതിയുടെ ഭാഗമായി വൃക്ഷങ്ങൾ വ്യാപകമായി വൈദ്യുതി ലൈനുകളിൽ വീഴാനും അതുവഴി ലൈൻ പൊട്ടിവീഴാനും സാദ്ധ്യതയുണ്ട്. ഇത്തരം അപകടസാദ്ധ്യതകൾ ശ്രദ്ധയിൽപെട്ടാൽ ഉടൻതന്നെ കെ.എസ്.ഇ.ബി സെക്ഷൻഓഫീസിലോ പ്രത്യേക എമർജൻസി നമ്പരായ 9496010101 ലോ അറിയിക്കുക.

#നെട്ടോട്ടം

വലിയൊരു പ്രദേശമായതിനാൽ നെട്ടോട്ടമോടുകയാണ് വൈപ്പിൻ മേഖലയിലെ കെ.എസ്.ഇ.ബി ജീവനക്കാർ. മൂന്ന് ഓഫീസ് ഏരിയയുടെ പ്രവർത്തനമാണ് ഒരു ഓഫീസിന്റെ കീഴിൽ നടക്കുന്നത്. 27000ത്തോളം കൺസ്യൂമേഴ്സാണ് ഏരിയയിൽ ഉള്ളത്. വെള്ളക്കെട്ട് ശക്തമായ പ്രദേശമായതിനാൽ പ്രയാസപ്പെട്ടാണ് വൈദ്യുതിബന്ധം പുന:സ്ഥാപിക്കുന്നത്. എടവനക്കാട് മേഖലയിൽ പുതിയ ഓഫീസ് ആരംഭിക്കുന്നത് പരിഗണനയിലുണ്ടെങ്കിലും നടപടിയൊന്നുമായിട്ടില്ല.

"കാറ്റിൽ മരമൊടിഞ്ഞുവീണും കമ്പിപൊട്ടിയും പോസ്റ്റുകൾ ഒടിഞ്ഞുവീണുമാണ് വൈദ്യുതി മുടക്കത്തിൽ ഏറെയും. മിക്കവയും ഉടനെ പരിഹരിക്കുന്നുണ്ട്."

ബാബുരാജ്

അസി. എൻജിനിയർ കെ.എസ്.ഇ.ബി

"വൈദ്യുതി ഇല്ലാതെ ക്ലാസ് നഷ്ടമാകുന്നത് പഠനത്തെ ബാധിക്കും. വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങളിലുള്ളവർ ക്യാമ്പുകളിലേക്ക് മാറുമ്പോൾ ഓൺലൈൻ പഠനത്തിനും മുടക്കംവരുന്നു. എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ്."

സാന്ദ്രപോൾ

വിദ്യാർത്ഥിനി