തിരുവനന്തപുരം : ട്രഷറി ജീവനക്കാർ ഓഫീസിലെ കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാൻ ഇനി നിത്യേന തങ്ങളുടെ മൊബൈലിലേക്ക് ഒ.ടി.പി വഴി കിട്ടുന്ന പാസ് വേഡും ഉപയോഗിക്കണം. ഓരോരുത്തർക്കും നിലവിലുള്ള പാസ് വേഡിന് പുറമേയാണിത്. രണ്ടു ദിവസം തുടർച്ചയായി ഒരു ജീവനക്കാരൻ അവധിയാണെങ്കിൽ മേലുദ്യോഗസ്ഥനുമായി സംസാരിച്ച് പുതിയ പാസ് വേഡ് ഉപയോഗിക്കണം.
സ്പാർക്കുകളിൽ ഉണ്ടായിരുന്നതുപോലെ 30 ദിവസം കഴിഞ്ഞാൽ പാസ് വേഡ് മാറുന്നത് ട്രഷറിയിലും നടപ്പാക്കും. വഞ്ചിയൂർ അഡിഷണൽ സബ്ട്രഷറിയിലെ വെട്ടിപ്പിനെ തുടർന്ന് നിയോഗിക്കപ്പെട്ട വകുപ്പ്തല അന്വേഷണ കമ്മിറ്റിയുടെ റിപ്പോർട്ടിലാണ് ഈ ശുപാർശ. ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറി ആർ.കെ. സിംഗിന്റെ നേതൃത്വത്തിലുള്ള കമ്മിറ്രി വെള്ളിയാഴ്ചയാണ് ധനമന്ത്രിക്ക് റിപ്പോർട്ട് നൽകിയത്. അതേസമയം ആർക്കെതിരെയും നടപടിക്ക് ശുപാർശ ചെയ്തിട്ടില്ല.
വഞ്ചിയൂർ ട്രഷറി തട്ടിപ്പ് വഴി സർക്കാരിനു നഷ്ടപ്പെട്ടത് 62.87 ലക്ഷം രൂപയെന്നാണ് കമ്മിറ്രി കണ്ടെത്തിയത്. നേരത്തെ 74 ലക്ഷം രൂപയുടെ വെട്ടിപ്പ് നടത്തിയ ബിജുലാൽ ജൂലായ് 27ന് രണ്ട് കോടിയുടെ തട്ടിപ്പിനായിരുന്നു ശ്രമിച്ചത്. എന്നാൽ അത് വിജയിച്ചില്ല. മറ്രേതെങ്കിലും ജീവനക്കാർക്ക് തട്ടിപ്പിൽ പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല.
സോഫ്റ്ര് വെയർ കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ സെക്യൂരിറ്രി ഓഡിറ്രിന് വിധേയമാക്കുക, ആറുമാസമെങ്കിലും പുതിയ മാറ്രങ്ങൾ വേണ്ടെന്നു വച്ച് സോഫ്റ്ര് വെയറിലെ ന്യൂനതകൾ പരിഹരിക്കുക, എല്ലാ ട്രഷറി ശാഖകളിലും സിസി ടി.വി കാമറകൾ സ്ഥാപിക്കുക തുടങ്ങിയ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്.