mullaperiyar

തിരുവനന്തപുരം: മുല്ലപ്പെരിയാർ റിസർവോയറിന്റെ ക്യാച്‌മെന്റ് ഏരിയയിൽ ജലനിരപ്പ് വളരെ വേഗം ഉയരുകയാണ്. 24 മണിക്കൂറിനുള്ളിൽ മുല്ലപ്പെരിയാറിലും തേക്കടിയിലും പെയ്തത് 198.4 മില്ലിമീറ്ററും 157.2 മില്ലിമീറ്ററും മഴയാണ്. 7 അടിയാണ് ജലനിരപ്പ് ഉയർന്നത്. അതിനിയും ഉയരാനാണ് സാദ്ധ്യത. 136 അടി എത്തുന്ന ഘട്ടത്തിൽ മുല്ലപ്പെരിയാറിലെ ജലം ടണൽ വഴി വൈഗൈ ഡാമിലേയ്ക്ക് എത്തിക്കാനും പുറത്തേക്ക് ഒഴുക്കിവിടാനും നിർദ്ദേശം നൽകണമെന്ന് തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചാലക്കുടി ബേസിനിൽ വെള്ളത്തിന്റെ അളവ് കൂടിയതിനാൽ പെരിങ്ങൽകുത്ത് റിസർവോയറിലെ ഷട്ടറുകൾ തുറന്നു. പെരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലിലാണ്. പറമ്പിക്കുളം ആളിയാർ പ്രൊജക്ടിലെ അണക്കെട്ടുകൾ തുറക്കുന്ന സന്ദർഭത്തിൽ കേരളത്തിലെ എൻജിനീയർമാരുമായി ബന്ധപ്പെടുകയും വിവരങ്ങൾ കൈമാറുകയും വേണമെന്ന് തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടു.

നെയ്യാർ ഡാമിന്റെ 4 ഷട്ടറുകൾ തുറന്നു. പേപ്പാറ ഡാമും പരിമിതമായി തുറന്നിട്ടുണ്ട്.

വെള്ളപ്പൊക്ക സാദ്ധ്യത മുന്നിൽക്കണ്ട് കൊല്ലത്തുനിന്നും മത്സ്യ തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിനായി പത്തനംതിട്ടയിലേക്ക് പുറപ്പെട്ടു. 10 വള്ളങ്ങൾ കയറ്റിയ ലോറികളിൽ 20 മത്സ്യ തൊഴിലാളികളാണ് കൊല്ലം ഹാർബറിൽ നിന്നും തിരിച്ചത്.

പമ്പ ഡാം തുറക്കാൻ സാദ്ധ്യതയുണ്ട്. കെ.എസ്.ഇ.ബിയുടെ കീഴിലുള്ള മൂഴിയാർ ഡാമിന്റെയും ജലസേചന വകുപ്പിന്റെ കീഴിലുള്ള മണിയാർ സംഭരണിയുടെയും സ്പിൽവേകൾ തുറന്നു. മൂഴിയാർ കക്കി റോഡിൽ മണ്ണിടിച്ചിലുണ്ടായി. വെള്ളം കയറാൻ സാദ്ധ്യതയുള്ള സി.എഫ്.എൽ.ടി.സികളിലെ കൊവിഡ് രോഗികളെ മറ്റിടങ്ങളിലേക്ക് മാറ്റും.